കൊടിയത്തൂര്‍: ഗ്രാമപഞ്ചായത്തിലെ കുറ്റിപ്പൊയില്‍ വയലില്‍ ഭിന്നശേഷി വിദ്യാര്‍ഥികളും പരിവാര്‍ സംഘടനയും ചെയ്ത പച്ചക്കറി കൃഷിയിടത്തില്‍ ഓട്ടിസം ദിനത്തില്‍ രണ്ട് അപ്രതീക്ഷിത അതിഥികളെത്തി.ജില്ല കലക്ടര്‍ എന്‍. തേജ് ലോഹിത് റെഡ്ഡിയും സബ് ജഡ്ജിയും ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റി സെക്രട്ടറിയുമായ എം.പി. ഷൈജലുമാണ് കൃഷിയിടം സന്ദര്‍ശിച്ചത്. കൊടിയത്തൂരിലെ രണ്ട് പരിപാടികളില്‍ പങ്കെടുക്കാനെത്തിയ കലക്ടര്‍ പരിവാര്‍ ഭാരവാഹികളുടെ സ്നേഹ നിര്‍ബന്ധത്തിന് വഴങ്ങി കൃഷിയിടം സന്ദര്‍ശിക്കുകയായിരുന്നു. കൃഷിയുടെ വിളവെടുപ്പും വിശിഷ്ടാതിഥികള്‍ നിര്‍വഹിച്ചു.
കലക്ടറും സബ് ജഡ്ജിയും എത്തുന്നതറിഞ്ഞ് ഭിന്നശേഷി വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളുടെ സംഘടനയായ പരിവാര്‍ ഭാരവാഹികളും കൃഷിയിടത്തില്‍ എത്തിയിരുന്നു. ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുന്‍നിരയിലേക്കെത്തിക്കാന്‍ നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറെ മാതൃകാപരമാണെന്ന് കലക്ടര്‍ പറഞ്ഞു. ഓട്ടിസം ഉള്‍പ്പെടെ ബാധിച്ച വിദ്യാര്‍ഥികളെ നേരത്തേ കണ്ടെത്തി ചികിത്സ നല്‍കുക എന്നത് ഓരോരുത്തരും ശ്രദ്ധിക്കണമെന്നും കലക്ടര്‍ പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.ടി. റിയാസ്, പഞ്ചായത്തംഗങ്ങളായ ഫസല്‍ കൊടിയത്തൂര്‍, ടി.കെ. അബൂബക്കര്‍, കെ.ടി. ഫെബിദ, പി. സിക്കന്തര്‍, സലീം പര്‍വിസ്, തെക്കയില്‍ രാജന്‍, സുലൈഖാ അബൂട്ടി, നിയാസ് ചോല, ടി.കെ. ജാഫര്‍, അബ്ദുന്നാസര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 65 സെന്‍റ് സ്ഥലത്താണ് പയര്‍, വെണ്ട, മത്തന്‍, ചുരങ്ങ, ഇളവന്‍ തുടങ്ങിയവ കൃഷിചെയ്ത് വിളയിച്ചത്. തൈ നട്ടതു മുതല്‍ വിളവെടുക്കുന്നതു വരെ ഒന്നര മാസത്തോളം കൃഷി പരിപാലിച്ചത് ഭിന്നശേഷി വിദ്യാര്‍ഥികളും പരിവാര്‍ പഞ്ചായത്ത് കമ്മിറ്റിയുമാണ്.
Post a Comment