വാഹനങ്ങളിൽ അമിതശബ്ദമുള്ള ഹോണുകൾ ഉപയോഗിക്കുന്നതിനെതിരേ വാഹനവകുപ്പ് നടത്തിയ പരിശോധനകളിൽ 313 കേസുകളെടുത്തു. ഈ കേസുകളിൽ പിഴയായി 2,59,000 രൂപ ഈടാക്കി. അമിതശബ്ദമുണ്ടാക്കുന്നവിധം സൈലൻസർ രൂപമാറ്റം വരുത്തിയതിന് 29 കേസുകളിലായി 1,45,000 രൂപയും പിഴയീടാക്കി. ആകെ 342 കേസുകളിലായി 4,04,000 രൂപയാണ് പിഴയിട്ടത്.
അമിതശബ്ദത്തിലുള്ള ഹോണുകൾ പിടികൂടുന്നതിനും ശബ്ദമലിനീകരണം തടയുന്നതിനും ലക്ഷ്യമിട്ടുള്ള ഓപ്പറേഷൻ ഡെസിബെല്ലിന്റെ ഭാഗമായി നടത്തിവന്ന പരിശോധനയിലാണ് നടപടി. മലപ്പുറം ജില്ലാ എൻഫോഴ്‌സ്‌മെന്റ് വിഭാഗവും ജില്ലയിലെ സബ് ആർ.ടി. ഓഫീസുകളുടെ കീഴിലും നടത്തിയ പരിശോധനയിലാണ് ഇത്രയുംപേർക്കെതിരേ നടപടിയെടുത്തത്.
ആർ.ടി.ഒ.യുടെ നിർദേശപ്രകാരം മലപ്പുറം, പൊന്നാനി, കൊണ്ടോട്ടി, പെരിന്തൽമണ്ണ, തിരൂരങ്ങാടി, മഞ്ചേരി, നിലമ്പൂർ, തിരൂർ, കോട്ടയ്ക്കൽ, വളാഞ്ചേരി തുടങ്ങിയ ടൗണുകളിലെ ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ചായിരുന്നു പ്രധാന പരിശോധന. പെരിന്തൽമണ്ണയിൽ ട്രാഫിക് പോലീസ് നടത്തിയ പരിശോധനയിൽ ഒറ്റദിവസം 11 ബസുകൾക്കും മൂന്ന് ലോറികൾക്കും എതിരെ എയർഹോൺ ഉപയോഗിച്ചതിന് പിഴയിട്ടു. അമിതശബ്ദത്തിലുള്ള ഹോൺ ഘടിപ്പിച്ച വാഹനങ്ങൾക്ക് 2000 രൂപയും അനാവശ്യമായി ഹോൺ മുഴക്കുന്നതിന് ആയിരം രൂപയുമാണ് പിഴയിടുന്നത്.
Post a Comment