വെള്ളക്കാർഡുകാരുടെ റേഷൻവിഹിതം ഏഴുകിലോയാക്കി ഉയർത്തി

തിരുവനന്തപുരം:പൊതുവിഭാഗം കാർഡുടമകളുടെ (വെള്ള) റേഷൻ ഭക്ഷ്യധാന്യവിഹിതം ഉയർത്തി. ജനുവരിയിൽ കാർഡൊന്നിന് ഏഴുകിലോ അരി ലഭിക്കും. ഡിസംബറിൽ ഇത് അഞ്ചുകിലോയും നവംബറിൽ നാലുകിലോയും ആയിരുന്നു.

നീല, വെള്ള, കാർഡുകൾക്കുള്ള നിർത്തിവെച്ച സ്പെഷ്യൽ അരിവിതരണവും പുനരാരംഭിക്കും. ഈമാസം മൂന്നുകിലോവീതം സ്പെഷ്യൽ അരിയാണ് നൽകുക. ഇതിനുപുറമേ വിവിധ സ്ഥാപനങ്ങളിലെ അന്തേവാസികൾക്ക് (എൻ.പി.ഐ. കാർഡ്) രണ്ടുകിലോ സ്പെഷ്യൽ അരിയുണ്ട്. 15 രൂപയാണ് നിരക്ക്.

ഓരോ റേഷൻകടയിലെയും നീക്കിയിരിപ്പിന്റെ അടിസ്ഥാനത്തിലായിരിക്കും സ്പെഷ്യൽ അരി വിതരണം. മഞ്ഞ, പിങ്ക് കാർഡുകാരുടെ വിഹിതത്തിൽ മാറ്റമില്ല.

സംസ്ഥാനത്ത് റേഷൻ വാങ്ങുന്നവരുടെ എണ്ണം ഏതാനും മാസങ്ങളായി കുറവാണ്. ഇതുമൂലം ടൺകണക്കിനു ഭക്ഷ്യധാന്യം മാസംതോറും മിച്ചംവരുകയാണ്. റേഷൻ ഭക്ഷ്യധാന്യം കെട്ടിക്കിടന്ന് നശിക്കുന്നത് ഒഴിവാക്കാൻകൂടിയാണ് പൊതുവിഭാഗം കാർഡുകൾക്ക് കൂടുതലായി നൽകുന്നത്.

സംസ്ഥാനത്ത് നവംബറിൽ 17.2 ലക്ഷം കുടുംബങ്ങൾ റേഷൻ വാങ്ങിയിട്ടില്ല. ഡിസംബറിലും ഏതാണ്ട് ഇതുതന്നെയാണ് അവസ്ഥ. കോവിഡ് കാലത്ത് റേഷൻ വിതരണം ചില ഘട്ടങ്ങളിൽ 98 ശതമാനത്തോളമെത്തിയിരുന്നു.

അന്ന് പൊതുവിഭാഗത്തിന് രണ്ടുകിലോ അരിവീതമേ നൽകാനുണ്ടായിരുന്നുള്ളൂ. ഇപ്പോൾ റേഷൻ വിതരണം 85 ശതമാനത്തിൽ താഴെയെത്തി.

Post a Comment

Previous Post Next Post