വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി എസ് സിക്ക് വിട്ട വിഷയത്തില്‍ വിശദമായ ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി.

തിരുവനന്തപുരം: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി എസ് സിക്ക് വിട്ട വിഷയത്തില്‍ വിശദമായ ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
സമസ്ത നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

വഖഫ് ബോര്‍ഡാണ് നിയമനം സംബന്ധിച്ച്‌ തീരുമാനമെടുത്ത് സര്‍കാരിനെ അറിയിച്ചത്. സര്‍കാരിന്റെ നിര്‍ദേശമായിരുന്നില്ല അത്. അതുകൊണ്ടു തന്നെ സര്‍കാരിന് ഇക്കാര്യത്തില്‍ പ്രത്യേക വാശിയൊന്നുമില്ലെന്ന് മുഖ്യമന്ത്രി നേതാക്കളോട് വിശദീകരിച്ചു.

വിശദമായ ചര്‍ച്ച നടത്തും. തീരുമാനം ഉണ്ടാകുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരും. പി എസ് സി ക്ക് നിയമനം വിടുന്നതിലൂടെ മുസ്ലീം വിഭാഗത്തില്‍ പെടാത്തവര്‍ക്കും വഖഫ് ബോര്‍ഡില്‍ ജോലി കിട്ടും എന്ന പ്രചാരണം സമസ്ത നേതാക്കള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. വസ്തുതാവിരുദ്ധമായ പ്രചാരണമാണ് അതെന്നായിരുന്നു ഇതിന് മുഖ്യമന്ത്രിയുടെ മറുപടി. അത്തരം ഒരാശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Post a Comment

Previous Post Next Post