സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ഡൗണില്ല, അടുത്ത രണ്ട് ഞായറാഴ്ചകളില്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണം

തിരുവനന്തപുരം:കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. അടുത്ത രണ്ടു ഞായറാഴ്ചകളില്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണം ഏര്‍പ്പെടുത്തും. 23നും 30നും അവശ്യ സര്‍വീസുകള്‍ മാത്രമേ അനുവദിക്കൂ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.ആരോഗ്യ, തദ്ദേശ വകുപ്പ് മന്ത്രിമാര്‍, വിദഗ്ധര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. 

കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണം കൂടുതല്‍ കടുപ്പിക്കണമെന്ന് ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം വിലയിരുത്തിയിരുന്നു. സ്‌പ്രെഡ് തടയുന്നതിനായി കര്‍ശന നടപടികള്‍ വേണമെന്ന് ആരോഗ്യവിദഗ്ധരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പൊതു സ്ഥലങ്ങളില്‍ ആള്‍ക്കൂട്ടം പരമാവധി കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിച്ചത്.
 
വരാനിരിക്കുന്നത് ഒമൈക്രോണ്‍ സാമൂഹിക വ്യാപനത്തിന്റെ പ്രതിഫലനമാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. രോഗികളുടെ എണ്ണം കൂടുന്നതു മാത്രമല്ല, ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണവും കൂടുന്നുണ്ട്. ഇപ്പോള്‍ തന്നെ കോഴിക്കോട് അടക്കം മെഡിക്കല്‍ കോളജ് ആശുപത്രി രോഗികളാല്‍ നിറഞ്ഞു. തിരുവനന്തപുരത്ത് കിടത്തി ചികിത്സയിലുള്ള രോഗികളുടെ എണ്ണവും കൂടുന്നുണ്ട്.

Post a Comment

Previous Post Next Post