താമരശ്ശേരി വി വി ഹോസ്പിറ്റൽ ഇനി ഓർമ്മകളിൽ മാത്രം

താമരശ്ശേരിക്കാർ കുട്ട്യാലി ലോട്ടറെ ആസ്പത്രി എന്ന് വിളിച്ചു വരുന്ന , 
വിവി ഹോസ്പിറ്റൽ എന്ന രണ്ടക്ഷരത്തിൽ അറിയപ്പെടുന്ന
വാല്യൂ വ്യൂ ഹോസ്പിറ്റൽ ഇനി ഓർമ്മകളുടെ മാറാല മൂടിയ ആശുപത്രി കട്ടിലിൽ നിശ്ചലമുറങ്ങും ....

നമ്മൾ കണ്ടു പരിചിതമായ 
ആശുപത്രി കെട്ടിടം കെട്ടിലും മട്ടിലും പുതുമകളുമായി ലാവണ്യ ഗ്രൂപ്പിൻ്റെ പുതിയ ഷോപ്പിംഗ് സങ്കേതമായി ഏതാനും നാളുകൾക്കകം താമരശ്ശേരിയിലേക്ക് മിഴികൾ തുറന്നെത്തും ...

ഒരു കാലഘട്ടത്തിൽ പരിമിതമായ സൗകര്യങ്ങൾ മാത്രമുണ്ടായിരുന്ന താമരശ്ശേരി ഗവ.ആശുപത്രിയെ മാത്രം ആശ്രയിക്കുകയും ഇവിടെ ചികിത്സ തേടിയെത്തുകയും ചെയ്തിരുന്ന താമരശ്ശേരിക്കാരൻ്റെ ആധുനിക ചികിത്സയെന്ന സ്വപ്നത്തിലേക്ക് സൗഭാഗ്യമായ് വന്നെത്തിയതായിരുന്നു വി.വി. ഹോസ്പിറ്റൽ . താമരശ്ശേരി ഗവ.ആശുപത്രിയിലെ നിരന്തര സേവനത്തിന് ശേഷം വി.വി. ഹോസ്പിറ്റൽ എന്ന പേരിൽ അത്യാധുനിക സൗകര്യങ്ങളും പ്രത്യേക ചികിത്സാ വിഭാഗങ്ങളുമുള്ള ഒരാശുപത്രി താമരശ്ശേരി കാരാടിയിൽ പണിതുയർത്തുകയായിരുന്നു 
കുട്ട്യാലി ഡോക്ടർ ...

രോഗികളെ കണ്ട മാത്രയിൽ തന്നെ രോഗം തിരിച്ചറിയുകയും , ഏത് രോഗവും നുള്ളിയെടുക്കാനുള്ള കൈപ്പുണ്യവും ദൈവീകമായി സിദ്ധിച്ച , രോഗികളോട് ദേഷ്യത്തോടെയും അതിലേറെ കരുണയോടെയും 
ഇടപഴകിയിരുന്ന കുട്ട്യാലി ഡോക്ടർ സ്ഥാപിച്ച താമരശ്ശേരിയുടെ ശമനതാളം തന്നെയായിരുന്നു വി.വി. ഹോസ്പിറ്റൽ ...

മലയോരം മുഴുവൻ ആതുര ശുശ്രൂഷയ്ക്കായ് ആശ്രയിച്ചു വന്നിരുന്ന താമരശ്ശേരി ഗവ.ആശുപത്രിയിലെത്തുന്ന പാവപ്പെട്ട രോഗികളെ ശുശ്രൂഷിച്ചും , അവന്റെ മുറിവുകളിലും , ഹൃദയത്തിലും ,
വേദനകളിലും ഒരു പോലെ മരുന്നു പുരട്ടിയും ഇന്നാട്ടുകാരുടെ പ്രിയങ്കരനായി മാറിയ കുട്ട്യാലി ഡോക്ടറുടെ ആശുപത്രിയെ താമരശ്ശേരിക്കാർ ഇരുകൈയ്യും നീട്ടി സ്വീകരിക്കാൻ അധിക സമയം വേണ്ടി വന്നില്ല ...

രോഗികളോട് കുറച്ച് കാർക്കശ്യത്തോടെയും,
ദേഷ്യത്തോടെയും, മുൻകോപത്തോടെയും
പെരുമാറുന്നതായിരുന്നു ഡോക്ടറുടെ ഒരു രീതിയെങ്കിലും ഏതൊരാളുടെയും രോഗം ചികിത്സിച്ച് ഭേദമാക്കി ഡോക്ടർ അവരുടെയെല്ലാം പ്രശംസ പിടിച്ചുപറ്റി. അതോടൊപ്പം വിവി ഹോസ്പിറ്റൽ താമരശ്ശേരിക്കൊപ്പം വളർന്നു തുടങ്ങി .
കുട്ട്യാലി ഡോക്ടറുടെ ചികിത്സാ രീതികളും രോഗം ഭേദമാക്കുന്നതിലുള്ള പാടവവും , നൈപുണ്യവും , സാന്ത്വനവും എല്ലാവർക്കും ആശ്വാസമേകി .....

ജീവൻ നിലച്ചുപോകുമെന്ന് കരുതിയിരുന്ന എത്രയോ രോഗികളെ ജീവിതത്തിലേക്ക് തിരിച്ചു നടത്തി ഡോക്ടർ താമരശ്ശേരിക്ക് തന്നെ അത്ഭുതമായി , എത്ര മാരകമായ സൂക്കേടാണെങ്കിലും കുട്ട്യാലി ഡോക്ടറുടെ അടുത്തെത്തിയാൽ രക്ഷപ്പെടുമെന്ന് താമരശ്ശേരിക്കാർ ഉറച്ച് വിശ്വസിച്ചു പോന്നു ,
അവരുടെ വിശ്വാസം സംരക്ഷിക്കുന്നതിൽ ഡോക്ടറും വിജയിച്ചു ...

ഓരോ ജീവനും വിലപ്പെട്ടതാണെന്ന ചിന്തയോടെ ഗുരുതര അസുഖം ബാധിച്ചു വരുന്ന ഏതൊരു രോഗിയുടെയും
ജീവശ്വാസം നിലച്ചുപോകാതിരിക്കാൻ കഴിവിന്റെ പരമാവധി ഡോക്ടർ പരിശ്രമിക്കും , എന്നിട്ടും ഫലമില്ലെന്ന് തോന്നിയാൽ മാത്രമേ അദ്ദേഹം പുറത്തേക്ക് രോഗികളെ റഫർ ചെയ്യാറുള്ളൂ , അങ്ങിനെ പോകുന്ന കേസുകൾ താമരശ്ശേരിയിലെ വട്ടക്കുണ്ട് പാലം കടക്കില്ലാന്ന് താമരശ്ശേരിയിലെ പഴമക്കാർ പറയും.
അല്ലെങ്കിൽ കുട്ട്യാലി മടക്കിയാൽ ഇനി തിരിച്ചു കിട്ടില്ലാന്നും ...

ഏതൊരു സ്വകാര്യ ആശുപത്രിയോടും കിടപിടിക്കാവുന്ന മികവിലേക്കുയർന്ന താമരശ്ശേരി ഗവ. താലൂക്കാശുപത്രിയുടെ 
പൊടുന്നനെയുള്ള കുതിച്ചു കയറ്റവും ചുറ്റുപാടുകളിലൊക്കെ കൂണുകൾ പോലെ പൊന്തി വന്ന മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളുടെ കടന്നുകയറ്റവുമൊക്കെയാവാം ഈ രംഗത്തു നിന്നും വിവി ഹോസ്പിറ്റലിൽ പിൻവാങ്ങാൻ കാരണമായത് , അതിനൊപ്പം കുട്ട്യാലി ഡോക്ടറുടെ പ്രായവും ഒരു ഘടകമായിരിക്കാം ...

താമരശ്ശേരി താമരശ്ശേരിയാവുന്നതിൽ പ്രധാന പങ്കുവഹിച്ച അടയാളങ്ങളിൽ പലതും ഓർമ്മകളുടെ തിരശ്ശീലയ്ക്ക് പിന്നിലേക്ക് മടങ്ങിപ്പോകുന്നത് വേദനയോടെ നോക്കി നിൽക്കാനെ താമരശ്ശേരിക്ക് കഴിയൂ , ആതുരശുശ്രൂഷാ സേവന രംഗത്തെ താമരശ്ശേരിയുടെ ജീവതാളമായിരുന്ന വിവി ഹോസ്പ്പിറ്റലും ഇനിയൊരു തിരിച്ചുവരവിനില്ലാത്ത വിധം നാടിന് നഷ്ട്ടമായിരിക്കുന്നു ...

📌എസ്.വി.സുമേഷ്
താമരശ്ശേരി

Post a Comment

أحدث أقدم