സംസ്ഥാനത്തെ വഖഫ് നിയമനങ്ങൾ പിഎസ്‌സിക്ക് വിടാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി വി അബ്ദുറഹ്‌മാൻ. ആശങ്ക അറിയിച്ച സംഘടനകളുമായി ചർച്ച നടത്തുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. വിഷയത്തിൽ സർക്കാർ സ്വീകരിക്കുന്നത് സുതാര്യ നിലപാടാണെന്നും ഇക്കാര്യത്തിൽ മുസ്‌ലിം ലീഗിന്റെ സഹായം സർക്കാരിന് വേണ്ടേന്നും മന്ത്രി പറഞ്ഞു. പൊതു ആവശ്യങ്ങൾക്ക് വഖഫ് ഭൂമി കൈമാറ്റം ചെയ്യാൻ പറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വഖഫ് നിയമനങ്ങൾ പിഎസ്‌സിക്ക് വിടാനുള്ള തീരുമാനത്തിനെതിരെ മുസ്‌ലിം സംഘടനകൾ കടുത്ത പ്രതിഷേധമുയർത്തിയിരുന്നു. മുസ്‌ലിംലീഗിന്റെ നേതൃത്വത്തിൽ സംഘടനകൾ സംയുക്തസമരത്തിനിറങ്ങിയെങ്കിലും സമസ്ത പിൻവാങ്ങുകയായിരുന്നു.
പള്ളികളിൽ പ്രതിഷേധം നടത്തുന്നതുമായി ബന്ധപ്പെട്ട് വിവാദത്തെ തുടർന്നായിരുന്നു പിന്മാറ്റം. പ്രതിഷേധമല്ല, ബോധവത്കരണമാണ് പള്ളികളിൽ നടത്താൻ ഉദ്യേശിച്ചതെന്ന് ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം പിന്നീട് വ്യക്തമാക്കിയിരുന്നു. വഖഫ് നിയമനം പിഎസ്സിക്ക് വിട്ടതിനെതിരെ പള്ളികളിൽ നടക്കുന്ന പ്രചാരണം തടയണമെന്ന് സിപിഎം ആഹ്വാനം ചെയ്തിരുന്നു. ഇത് പള്ളികളിൽ സംഘർഷാവസ്ഥ സൃഷ്ടിക്കാനാണെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം വിമർശിക്കുകയും ചെയ്തിരുന്നു.
Post a Comment