തിരുവനന്തപുരം| ഒരു ആഗോള ഉച്ചകോടിക്ക് ആദ്യമായി കേരളം വേദിയായേക്കും. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2023-ലെ ജി-20 ഉച്ചകോടിയുടെ വേദിയായി കൊച്ചിയേയും പരിഗണിക്കുന്നു. ഉച്ചകോടിയുടെ മന്ത്രിതല യോഗത്തിനാണ് കൊച്ചി പരിഗണിക്കുന്നത്.
വേദിയും അനുബന്ധ സൗകര്യങ്ങളും വിലയിരുത്താന്‍ കേന്ദ്ര ഉദ്യോഗസ്ഥ സംഘം കൊച്ചിയിലെത്തി മടങ്ങി. വിദേശകാര്യ ജോയിന്റെ സെക്രട്ടറി ഈനം ഗംഭീറും സംഘവുമാണ് കൊച്ചിയിലെത്തി സ്ഥിതഗികള്‍ വിലയിരുത്തിയത്. സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളുമായി സംഘം ചര്‍ച്ച നടത്തി.
ഡിസംബറിലാണ് ഇന്‍ഡോനേഷ്യയില്‍ നിന്ന് ജി-20 ഉച്ചകോടിയുടെ അധ്യക്ഷ പദവി ഇന്ത്യ ഏറ്റെടുക്കുക. അടുത്ത വര്‍ഷം നടക്കുന്ന ഉച്ചകോടിയുമായി ബന്ധപ്പെട്ട് 200 ഓളം കൂടിക്കാഴ്ചകള്‍ക്കും യോഗങ്ങള്‍ക്കും ഇന്ത്യ ആതിഥ്യംവഹിക്കേണ്ടതുണ്ട്. ഇതില്‍ പ്രധാനപ്പെട്ടതായ മന്ത്രിതല ഉച്ചകോടി കൊച്ചിയില്‍ നടത്തുന്നത് സംബന്ധിച്ചാണ് അധികൃതര്‍ ആലോചന നടത്തുന്നത്.
വിദേശകാര്യ മന്ത്രാലയ സംഘം ഈ മാസം 21,22 തിയതികളിലാണ് കൊച്ചിയിലെത്തി അവലോകനം നടത്തിയത്. കൊച്ചി ഗസ്റ്റ്ഹൗസില്‍ വെച്ച് സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി ആലോചനകള്‍ നടത്തി. ഹോട്ടലുകള്‍, യാത്ര സൗകര്യം, സുരക്ഷ, കാലവസ്ഥ തുടങ്ങിയവ സംബന്ധിച്ചാണ് ചര്‍ച്ചകള്‍ നടത്തിയത്. അവലോകനം നടത്തിയ ഉദ്യോഗസ്ഥര്‍ സംതൃപ്തരായിട്ടാണ് മടങ്ങിയത് എന്നാണ് സൂചന.
കൊച്ചിക്കൊപ്പം ഗുജറാത്തിനെയും മന്ത്രിതല യോഗത്തിന് വേദിയാകാന്‍ പരിഗണിക്കുന്നുണ്ട്. അന്തിമ തീരുമാനം കേന്ദ്ര സര്‍ക്കാരാണ് എടുക്കുക.
യുഎസ്എ, യുകെ, ഇന്ത്യ, ഓസ്‌ട്രേലിയ, കാനഡ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുര്‍ക്കി, അര്‍ജന്റീന, ബ്രസീല്‍, മെകിസ്‌കോ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ചൈന, ഇന്‍ഡോനേഷ്യ, ജപ്പാന്‍, ദക്ഷിണ കൊറി എന്നീ 20 രാജ്യങ്ങള്‍ ഉള്‍പ്പെട്ടതാണ് ജി20.
Post a Comment