അമ്പലപ്പുഴയിൽ ഏഴാം ക്ലാസുകാരി നൽകിയ മിഠായി കഴിച്ച അഞ്ചാം ക്ലാസുകാരിയെ ശാരീരിക അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്പലപ്പുഴയിലെ ഒരു സ്കൂളിലാണ് സംഭവം. പ്രദേശത്തെ കടയിൽ നിന്നു വാങ്ങിയ മിഠായിയാണ് ഏഴാം ക്ലാസ് വിദ്യാർത്ഥി പെൺകുട്ടിക്ക് നൽകിയത്. മിഠായി കഴിച്ച പെൺകുട്ടിക്ക് വലിയ അസ്വസ്ഥതയുണ്ടായതോടെ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.
തലവേദന, നെഞ്ചുവേദന എന്നിവ അനുഭവപ്പെട്ട കുട്ടിയെ പിന്നീട് ഡിസ്ചാർജ് ചെയ്തു. ആശുപത്രി വിട്ടെങ്കിലും വീട്ടിലെത്തിയ കുട്ടിക്ക് കണ്ണിന് നിറം മാറ്റവും നീരുമുണ്ടായി. ഇതോടെ കുട്ടിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതു സംബന്ധിച്ച് വീട്ടുകാർ അറിയിച്ചതനുസരിച്ച് സ്കൂൾ അധികൃതർ അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിനു ശേഷം കടയിൽ പരിശോധനയും നടത്തി.
ലഹരി കലർന്ന മിഠായിയാണ് ഇതെന്ന് കരുതുന്നു. കുട്ടികളെ വലയിലാക്കാൻ ലഹരി കലർന്ന മിഠായി വ്യാപകമാകുന്നുവെന്ന് പരാതിയുണ്ട്. ഈ സംഭവത്തെ തുടർന്ന് സ്കൂളുകളിലെ കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ബോധവൽക്കരണം നടത്താൻ സ്കൂൾ അധികൃതർ ഒരുങ്ങുകയാണ്.
Post a Comment