ഫ്‌ളിപ്കാർട്ട് 17-ാം വാർഷികാഘോഷം; സമ്മാനം പ്രതീക്ഷിച്ച് ലിങ്കിൽ ക്ലിക്ക് ചെയ്യരുത്.

ഇ-കൊമേഴ്സ് ഭീമനായ ഫ്ളിപ്കാർട്ടിൻറെ പേരിൽ സൗജന്യ സമ്മാനങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട് ഒരു ലിങ്ക് വാട്സ്ആപ്പിൽ പ്രചരിക്കുന്നുണ്ട്. കമ്പനിയുടെ പതിനേഴാം വാർഷികത്തോട് അനുബന്ധിച്ചാണിത് എന്നാണ് അവകാശവാദം. ലിങ്കിൽ കയറിയാൽ ''ഫ്ളിപ്പ്കാർട്ട് 17-ാം വാർഷികത്തോടനുബന്ധിച്ച്, സൗജന്യ സമ്മാനം ലഭിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ചുരുക്കം ചിലരിൽ ഒരാളാണ് നിങ്ങൾ'' എന്ന സന്ദേശം കാണാം. തുടർന്ന് മുന്നോട്ട് പോകാൻ കൺടിന്യൂ ബട്ടണിൽ ക്ലിക്ക് ചെയ്യണം എന്നും നിർദേശിക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട ഭാഗ്യശാലിയാണല്ലോ എന്ന് വിശ്വസിച്ച് ക്ലിക്ക് ചെയ്യാൻ വരട്ടെ. കാരണം ഇങ്ങനെയൊരു സമ്മാനം നൽകുന്ന കാര്യം ഫ്ളിപ്കാർട്ട് പോലും അറിഞ്ഞിരിക്കാൻ ഇടയില്ല.

https://tinyurl.com/FlipKart-2032 എന്ന യുആർഎൽ ക്ലിക്ക് ചെയ്താൽ എത്തിച്ചേരുന്ന ലാൻറിങ് പേജിൽ ഫ്ളിപ്കാർട്ടിന്റെ പേരും ലോഗോയും കാണാം താഴേക്ക് സ്ക്രോൾ ചെയ്താൽ സമ്മാനങ്ങൾ ലഭിച്ചവരുടെ അനുഭവ സാക്ഷ്യങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇതിൻറെ യു.ആർ.എൽ. പരിശോധിച്ചാൽ തട്ടിപ്പ് മനസ്സിലാകും. ഇതിന് ഫ്ളിപ്കാർട്ടിന്റെ ഔദ്യോഗിക സൈറ്റുമായി യാതൊരു ബന്ധവുമില്ല.

ഫ്ളിപ്കാർട്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ കമ്പനിയുടെ സൈറ്റിൽ നൽകുന്നതാണ്. 17-ാം വാർഷികാഘോഷത്തെക്കുറിച്ചോ ഇതുമായി ബന്ധപ്പെട്ട് നൽകുന്ന സമ്മാനത്തെക്കുറിച്ച് സൈറ്റിലോ കമ്പനിയുടെ ഔദ്യോഗിക സമൂഹമാധ്യമ പേജുകളിലോ യാതൊരു വിവരവും നൽകിയിട്ടില്ല. മാത്രമല്ല, പ്രചരിക്കുന്ന യു.ആർ.എല്ലിന്റെ വിശ്വാസ്യത പരിശോധിച്ചതിൽനിന്ന് ഇത് സംശയാസ്പദമാണെന്ന ഫലം ലഭിക്കുകയും ചെയ്തു.

ഫ്ളിപ്കാർട്ടിന്റേത് എന്ന തരത്തിൽ പ്രചരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഇത് മറ്റൊരു പേജിലേക്ക് റീഡയറക്ട് ചെയ്ത് പോവുകയാണ് ചെയ്യുന്നത്. പലപ്പോഴും ഇത്തരം വ്യാജ ലിങ്കുകൾ ഫിഷിങ് ലിങ്കുകൾ ആകാറുണ്ട്. ഇതിലൂടെ ബാങ്കിംഗ്, വ്യക്തിവിവരങ്ങൾ തട്ടിയെടുക്കാനായിരിക്കും ലക്ഷ്യമിടുന്നത്. വ്യാജ ലിങ്കുകളിൽ പ്രവേശിക്കുന്നത് വഴി മാൽവേറുകൾ ഡിവൈസിൽ കടന്നുകൂടാനും സാധ്യതയുണ്ട്. തങ്ങളുടെ പേരിൽ പ്രചരിക്കുന്ന വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ വിവരങ്ങൾ കൈമാറുകയോ ഇവ മറ്റുള്ളവർക്ക് പങ്കുവയ്ക്കുകയോ ചെയ്യരുതെന്ന് കമ്പനിയും വ്യക്തമാക്കിയിട്ടുമുണ്ട്.

Post a Comment

Previous Post Next Post