റേഡിയോളജിസ്റ്റ് എത്തി;താമരശ്ശേരി താലൂക്കാശുപത്രിയിൽ യു.എസ്.ജി സ്കാനിങ് പുനരാരംഭിച്ചു.

താമരശ്ശേരി : താമരശ്ശേരി ഗവ. താലൂക്കാശുപത്രിയിൽ യു.എസ്.ജി. (അൾട്രാ സോണോഗ്രാം) സ്കാനിങ് സംവിധാനം പുനരാരംഭിച്ചു.

സാങ്കേതികത്വത്തിന്റെയും പിന്നീട് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെയും പ്രതിബന്ധങ്ങൾ നീങ്ങി റേഡിയോളജിസ്റ്റ് തസ്തികയിൽ നിയമന നടപടി പൂർത്തിയായതോടെയാണ് സ്കാനിങ് വീണ്ടും തുടങ്ങിയത്.

ആശുപത്രി വികസനസമിതി നിയമിച്ച റേഡിയോളജിസ്റ്റ് ഒഴിവായതോടെ  പകരം ആളെ കണ്ടെത്താനാവാതെ വന്നതോടെ താമരശ്ശേരി ഗവ.താലൂക്കാശുപത്രിയിൽ എട്ടുമാസം മുൻപായിരുന്നു സ്‌കാനിങ് സംവിധാനം നിലച്ചത്.

യോഗ്യതയുള്ള റേഡിയോളജിസ്റ്റുകളുടെയും നൽകാവുന്ന വേതനത്തിന്റെയും അപര്യാപ്‌തത പുനർനിയമനം നീളാനുള്ള കാരണമായി. സാധാരണക്കാരുടെ ആശ്രയകേന്ദ്രമായ പൊതു ആതുരാലയത്തിലെ സ്കാനിങ് പ്രവർത്തനക്ഷമമാവാത്തത് സംബന്ധിച്ച് പത്രമാധ്യമങ്ങളിലുംഓൺലൈൻ മീഡിയകളിലും വാർത്ത പ്രസിദ്ധീകരിക്കുകയും പിന്നീട് ജനപ്രതിനിധികളുടെ ഇടപെടലിന് വഴിയൊരുങ്ങുകയും ചെയ്തു.

കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷ്റഫ്, ആരോഗ്യസ്ഥിരംസമിതി ചെയർമാൻ എ.കെ. കൗസർ എന്നിവർ ജില്ലാ മെഡിക്കൽ ഓഫീസറുമായി ചർച്ചനടത്തുകയും റേഡിയോളജിസ്റ്റ് തസ്തികയിലേക്ക് അഭിമുഖം നടത്താൻ തീരുമാനമാവുകയും ചെയ്‌തു.

എന്നാൽ, സാങ്കേതികത്വത്തിന്റെ പേരിൽ നടപടികൾ വീണ്ടും നീളുകയും പിന്നീട് തിരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടാവുകയും ചെയ്തു. അതോടെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ പേരിലായി പിന്നീടുള്ള കാലവിളംബം. ഒടുവിൽ എല്ലാ പ്രതിബന്ധങ്ങളും നീങ്ങിയാണ് ഇപ്പോൾ എം.ഡി. ഇൻ റേഡിയോ ഡയഗ്നോസിസ് ഡോക്ടർ തസ്‌തികയിലേക്ക് നിയമനമായതും മുടങ്ങിക്കിടന്ന സ്കാനിങ് സംവിധാനം പുനരാരംഭിച്ചതും.

Post a Comment

Previous Post Next Post