ഓണത്തിന് മൂന്ന് മാസത്തെ ക്ഷേമപെൻഷൻ; ഈ മാസത്തേത് നാളെ മുതൽ വിതരണം.

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍ ആരംഭിക്കും. ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ക്ഷേമപെന്‍ഷന്‍ എല്ലാ മാസവും മുടക്കമില്ലാതെ നല്‍കുമെന്നും ഓണത്തോടനുബന്ധിച്ച് മൂന്ന് ഗഡു ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യുമെന്നും ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു. സാമ്പത്തിക പ്രയാസങ്ങള്‍ക്കിടയിലും ക്ഷേമ പെന്‍ഷന്‍കാരെ ചേര്‍ത്തുപിടിച്ചുള്ള നടപടിയാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ 62 ലക്ഷം പേര്‍ക്കും മൂന്നു മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ ആലോചന. ഈയാഴ്ച ഒരു മാസത്തെ പെന്‍ഷനും അടുത്തമാസം രണ്ടു മാസത്തെ പെന്‍ഷനും നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. അടുത്ത മാസം രണ്ടു ഗഡു പെന്‍ഷനായ 3200 രൂപ നല്‍കാനുള്ള തയ്യാറെടുപ്പാണ് സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നത്. ഇതോടെ ഓണത്തോടനുബന്ധിച്ച് ഒരാള്‍ക്ക് 4800 രൂപവീതം ലഭിക്കും.

ഒരു മാസത്തെ പെന്‍ഷനായി 900 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവിടുന്നത്. മൂന്നു മാസത്തെ പെന്‍ഷന്‍ നല്‍കാന്‍ 2700 കോടി രൂപ വേണ്ടിവരും. ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയവര്‍ക്ക് അക്കൗണ്ട് വഴിയും മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍വഴി നേരിട്ടും പെന്‍ഷന്‍ എത്തിക്കും. സംസ്ഥാനത്തെ 60 ലക്ഷത്തോളം വരുന്ന ക്ഷേമപെന്‍ഷന്‍കാര്‍ക്ക് വലിയ ആശ്വാസമാണ് സര്‍ക്കാര്‍ നടപടി. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഏപ്രില്‍ മാസം മുതല്‍ ഈ മാസം വരെയും പെന്‍ഷന്‍ വിതരണത്തില്‍ കുടിശ്ശികയുണ്ടായിട്ടില്ല. നിലവില്‍ ഉണ്ടായിരുന്ന കുടിശ്ശിക അവസാനഘട്ടത്തിലേക്ക് എത്തിക്കാനും സാധിച്ചു.

Post a Comment

Previous Post Next Post