ഒക്ടോബർ 18വരെ അതിശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച്, യെല്ലോ അലേർട്ടുകൾ നൽകി കാലാവസ്ഥാവകുപ്പ്


| *തിരുവനന്തപുരം* | കേരളത്തിൽ ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് കാലാവസ്ഥാ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിങ്കളാഴ്ച മുതൽ ഒക്ടോബർ 18 വരെയുള്ള ദിവസങ്ങളിൽ വിവിധ ജില്ലകൾക്ക് ഓറഞ്ച്, യെല്ലോ അലേർട്ടുകളും നൽകിയിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴയ്ക്കുള്ള സാധ്യതയെയാണ് അതിശക്തമായ മഴയുടെ ഗണത്തിൽ പെടുത്തിയിരിക്കുന്നത്. അതേസമയം, മഴയുടെ തോത് 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെയാണെങ്കിൽ ശക്തമായ മഴയെന്നാണ് കണക്കാക്കുന്നത്.

ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ തിങ്കളാഴ്ച (14-10-2024) ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, മലപ്പുറം ജില്ലകളിൽ ചൊവ്വാഴ്ചയും ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ബുധനാഴ്ചയും എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ കാസർകോട് ജില്ലകളിൽ വ്യാഴാഴ്ച വരെയും ഓറഞ്ച് അലേർട്ട് നൽകിയിട്ടുണ്ട്. തിങ്കളാഴ്ച മുതൽ വ്യാഴാഴ്ച വരെയുള്ള ദിവസങ്ങളിൽ ഏതാനും ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറിതാമസിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്. ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും പ്രദേശത്ത് ക്യാമ്പുകൾ തുറന്നിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും നിർദേശത്തിൽ പറയുന്നു. ഇതിനായി തദ്ദേശ സ്ഥാപന, റവന്യു അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.

മഴ ശക്തമാകുന്ന സാഹചര്യത്തിൽ അത്യവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും നിർദേശമുണ്ട്. കേരളത്തിലെ എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ മാറ്റങ്ങൾ വരുന്നത് അനുസരിച്ച് അലേർട്ടുകളിൽ മാറ്റം വരുത്തുമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Post a Comment

Previous Post Next Post