മുന്‍ഗണന വിഭാഗത്തിലെ മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡിലെ അംഗങ്ങളുടെ ഇകെവൈസി മസ്റ്ററിങ് നാളെ മുതല്‍ 8 വരെ നടക്കും. പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളിലുള്ളവര്‍ക്കാണ് മസ്റ്ററിങ് നടക്കുക.
കാര്‍ഡില്‍ പേരുള്ളവരെല്ലാം റേഷന്‍ കടകളിലെത്തി ഇപോസ് യന്ത്രത്തില്‍ വിരല്‍ പതിച്ച് മസ്റ്ററിങ് നടത്തണം. അതേസമയം ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ ഇപോസ് യന്ത്രത്തില്‍ വിരല്‍ പതിപ്പിച്ച് റേഷന്‍ വാങ്ങിയവര്‍ മസ്റ്റര്‍ ചെയ്യേണ്ടതില്ലെന്നും ഭക്ഷ്യ വകുപ്പ് അറിയിച്ചു. ഫെബ്രുവരിയിലും മാര്‍ച്ചിലും മസ്റ്ററിങ് നടത്തിയവരും ഇനി ചെയ്യേണ്ടതില്ല.
കടകളില്‍ എത്താന്‍ കഴിയാത്ത കിടപ്പു രോഗികള്‍, ശാരീരികവും മാനസികവുമായി വെല്ലുവിളികള്‍ നേരിടുന്നവര്‍ എന്നിവരുടെ ഇമസ്റ്ററിങ് വീടുകളില്‍ എത്തി നടത്തും. സൗജന്യ റേഷന്‍ ലഭിക്കുന്നവരുടെ ഇകെവൈസി അപ്‌ഡേഷന്‍ ബയോമെട്രിക് വിവരങ്ങളിലൂടെ ഉറപ്പാക്കാനാണ് മസ്റ്ററിങ് നടത്തുന്നത്.
മസ്റ്ററിങ് നടത്തിയോ എന്ന് ഓണ്‍ലൈന്‍ വഴി പരിശോധിക്കാം. ഇതിനായി epos.kerala.gov.in/SRC_Trans_Int.jsp വെബ്‌സൈറ്റില്‍ കയറി റേഷന്‍ കാര്‍ഡ് നമ്പര്‍ അടിച്ചു കൊടുക്കുക. തുടര്‍ന്ന് സബ്മിറ്റ് ചെയ്താല്‍ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട അംഗങ്ങളുടെ പേര് വിവരം ലഭിക്കും. ഓരോ അംഗത്തിന്റെയും പേരിന് നേരെ വലതു ഭാഗത്ത് അവസാനമായി EKyc സ്റ്റേറ്റസ് കാണാം. അതില്‍ Done എന്നാണ് കാണുന്നത് എങ്കില്‍ അവര്‍ മസ്റ്ററിങ് നടത്തിയിട്ടുണ്ട് എന്നര്‍ഥം.
എന്നാല്‍ Not Done എന്നാണെങ്കില്‍ ഇല്ല എന്നര്‍ഥം. അവരാണ് റേഷന്‍ കടകളില്‍ പോയി മസ്റ്ററിങ് നടത്തേണ്ടത്. ഇന്ത്യയില്‍ എവിടെ വച്ചും മസ്റ്ററിങ് ചെയ്യാം. ഒരു കുടുംബത്തിലെ എല്ലാവരും ഒരേ സമയമെത്തി മസ്റ്ററിങ് നടത്തേണ്ടതില്ല. മസ്റ്ററിങ്ങിന് വരുമ്പോള്‍ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ കൊണ്ടുവരണം.
Post a Comment