കൊച്ചി :കേന്ദ്ര സർക്കാർ കസ്തൂരി രംഗൻ റിപ്പോർട്ട് സംബന്ധിച്ച തീരുമാനമെടുക്കുന്നതിന്റെ മുന്നോടിയായി സംസ്ഥാന സർക്കാരുമായി നടത്തുന്ന ചർച്ചയിൽ ജനകീയ കർഷക സമിതികൾ മുന്നോട്ടുവച്ച നിലപാടുകൾ സ്വീകരിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് ഫാർമേഴ്സ് കൗൺസിൽ ആവശ്യപ്പെട്ടു. കേന്ദ്രവനംപരിസ്ഥിതി മന്ത്രാലയമാണ് റിപ്പോർട്ട് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുന്നതിനായി കേരളം ഉൾപ്പെടെയുള്ള സംസ്ഥാന പ്രതിനിധികളുടെ യോഗം വിളിച്ചു ചേർക്കുന്നത്. കേരളത്തിൽ നിലവിലുള്ള വനഭൂമി പൂർണ്ണമായി സംരക്ഷിക്കപ്പെടേണ്ട ഇ എസ് എ മേഖലയായി നിശ്ചയിച്ച് ജനവാസ മേഖലകളും കൃഷിയിടങ്ങളും തോട്ടങ്ങളും മുഴുവനായി ഇ എസ് എ യിൽ നിന്ന് ഒഴിവാക്കി കൊണ്ടുളള അന്തിമ തീരുമാനം യോഗത്താൽ ഉണ്ടാകണമെന്ന് ഫാർമേർസ് കൗൺസിൽ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ ശരിയായ പഠനം നടത്തി കർഷകന് അനുകൂലമായ നിലപാടായിരിക്കണം സ്വീകരിക്കേണ്ടത്.
പരിസ്ഥിതി വാദികളുടെ വാദമുഖങ്ങൾക്കസരിച്ച് മാത്രം ജനവിരുദ്ധ നിലപാട് സ്വീകരിക്കുന്ന പക്ഷം ശക്തമായ പ്രക്ഷോഭത്തിന് സംഘടന നേതൃത്വം നല്കുമെന്ന് യോഗം മുന്നറിയിപ്പ് നല്കി. പട്ടണങ്ങളോടു ചേർന്നുള്ള പ്രദേശങ്ങളിൽ പോലും പന്നികൾ ഉൾപ്പെടെയുള്ള കാട്ടുമൃഗങ്ങളുടെ ശല്യം ഇപ്പോൾ തന്നെ അതിരൂക്ഷമാണ്. ഇവിടെ കൃഷിയിടങ്ങളെയും ജനങ്ങളെയും സംരക്ഷിക്കാൻ തയ്യാറാകാത്ത വനം വകുപ്പും സർക്കാർ സംവിധാനങ്ങളുമാണ് നിലവിലുള്ളത്. ഇതിൽ മാറ്റം വരുത്താൻ അധികൃതർ തയ്യാറാകണം. മലയോര മേഖലയിൽ ജീവിക്കുന്ന ജനങ്ങളെയും ഇവരുടെ കൃഷിയിടങ്ങളെയും സംരക്ഷിക്കുന്ന നിലപാടായിരിക്കണം സംസ്ഥാന പ്രതിനിധിസംഘം സ്വീകരിക്കേണ്ടതെന്നും യോഗം ആവശ്യപ്പെട്ടു.
കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി പ്രസിഡൻറ് അഡ്വ. ബിജു പറയനിലം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ,
ഫാർമേർസ് കൗൺസിൽ കോ-ഓർഡിനേറ്റർ ബേബി പെരുമാലിൽ, ജോസുകുട്ടി ഒഴുകയിൽ , ഐപ്പച്ചൻ തടിയിൽ, ബിനോയി തോമസ്, ചാർളി പാലക്കുഴി, വർഗ്ഗീസ് ആന്റണി, ജോമി മാത്യു, ചാക്കോച്ചൻ കാരാമയിൽ , ജോമി ഡൊമിനിക്,ജോസ് വട്ടുകുളം തുടങ്ങിയവർ പ്രസംഗിച്ചു.
إرسال تعليق