കോഴിക്കോട്: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സർക്കാർ ഞായറായ്ച ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ജില്ലയില്‍ പൂർണം. നഗരത്തിലെ റോഡുകളും നഗര വീഥികളുമെല്ലാം കഴിഞ്ഞ ലോക്ഡൗൺ കാലത്തെ ഓർമിപ്പിക്കുന്ന വിധം ഒഴിഞ്ഞു തന്നെ കിടന്നു. ജില്ലയിലെ പ്രധാന കച്ചവട കേന്ദ്രമായ മിഠായിത്തെരുവില്‍ കടകള്‍ പൂര്‍ണമായും അടഞ്ഞു കിടന്നു.
പാളയത്തും വലിയങ്ങാടിയിലും അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളും ഹോട്ടലുകളും മാത്രം തുറന്നു. ഹോട്ടലുകളിലെ പാര്‍സല്‍ സര്‍വീസ് പലര്‍ക്കും ആശ്വാസമായി.
രാവിലെ മുതൽ പോലീസിന്റെയും മോട്ടർ വാഹനവകുപ്പിന്റെയും നേതൃത്വത്തിൽ റോഡുകളിൽ പരിശോധന ശക്തമാക്കിയിരുന്നു. കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും ലോക്ക് ഡൗൺ ഏര്‍പ്പെടുത്തിയത്.
എന്നാൽ പോലീസുകാരുടെ എണ്ണത്തിലും പരിശോധന കേന്ദ്രങ്ങളുടെ എണ്ണത്തിലും മുൻപുള്ളതിനെ അപേക്ഷിച്ചു നോക്കുമ്പോൾ വലിയ കുറവ് പ്രകടമായിരുന്നു. അത്യാവശ്യ യാത്രകൾക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്ന് പ്രത്യേക നിർദേശം നൽകിയിരുന്നതിനാൽ അനാവശ്യ യാത്രകൾ പോലീസ് തടഞ്ഞു. രേഖകൾ കാണിച്ചവർക്ക് മാത്രമാണ് യാത്രാനുമതി നൽകിയത്. നിരത്തില്‍ പൊതുവേ വാഹനങ്ങളും കുറവായിരുന്നു. ദീർഘ ദൂര കെഎസ്ആർടിസിയും ഏതാനും സ്വകാര്യ ബസുകളുമാണ് സർവീസ് നടത്തിയത്.
അത്യാവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളും എല്ലാം തന്നെ തുറന്നില്ല. രണ്ടാം തരംഗ വ്യാപനത്തിന് ശേഷം ഏകദേശം മൂന്ന് മാസത്തിലധികമായി ഞായറാഴ്ച ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്നില്ല.
നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും ജനജീവിതം സാധാരണ നിലയിലേക്ക് വന്ന ശേഷമാണ് വീണ്ടും ലോക്ഡൗണിലേക്ക് പോകുന്നത്.
*കർശന പരിശോധന നടത്തി*
സംസ്ഥാനത്ത് ഞായറാഴ്ച ലോക് ഡൗണിന് സമാനമായ നിയന്ത്രണം ഏർപ്പെടുത്തിയതിനെ തുടർന്ന് പോലീസ് കർശന പരിശോധന നടത്തി. താമരശേരിയുടെ വിവിധ ഭാഗങ്ങളിൽ കർശന പരിശോധന യാണ് നടത്തിയത്. അവശ്യസർവീസുകൾക്കും, സത്യവാങ്മൂലം കൈവശം വച്ച് അത്യാവശ്യ യാത്ര നടത്തുന്നവർക്കും മാത്രമാണ് ഇളവ്.
അനാവശ്യമായി വാഹനങ്ങളിൽ പുറത്തിറങ്ങിയവർക്കെതിരെ നിയമ നടപടി സ്വീകരിച്ചു.സംസ്ഥാനത്ത് വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്നാണ് നിയന്ത്രണം കർശനമാക്കിയത്.
إرسال تعليق