മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനലുകളടക്കം 42 ഓളം ചാനലുകള്‍ക്ക് സംപ്രേഷണത്തില്‍ തടസം നേരിട്ടു

അപ്ലിങ്കില്‍ വന്ന തകരാറ് മൂലമാണ് പ്രശ്നം നേരിട്ടത് എന്നാണ് പറയപ്പെടുന്നത്. കൈരളി ടി വി, മീഡിയ വണ്‍, മാതൃഭൂമി ന്യൂസ്, സഫാരി ടി വി തുടങ്ങിയ ചാനലുകളുടെ സംപ്രേഷണമാണ് തടസപ്പെട്ടത്. അപ്ലിങ്കില്‍ വന്ന തകരാറുമൂലം സാറ്റലൈറ്റുമായുള്ള വിനിമയം നിലച്ചതാണ് സംപ്രേഷണം തടസപ്പെടാന്‍ കാരണമെന്നാണ് കരുതുന്നത്. സണ്‍ നെറ്റ് വര്‍ക്ക്, വീഡിയോ കോണ്‍ , ഡിഷ് ടി വി ഉള്‍പ്പെടെയുള്ള സാറ്റലൈറ്റ് സംപ്രേക്ഷണ വിതരണ ശൃംഖലകളിലും ചാനലുകള്‍ തടസ്സപ്പെട്ടിരുന്നു.

ഏഷ്യാനെറ്റ് ന്യൂസിന്റെയും സംപ്രേഷണം ഇത്തരത്തില്‍ തടസപ്പെട്ടെങ്കിലും അല്‍പ സമയത്തിനകം പൂര്‍വസ്ഥിതിയിലാവുകയായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം ആറര മുതലാണ് സംപ്രേഷണം മുടങ്ങിയത്. ഏഴര മണിക്കൂറോളം സംപ്രേഷണം തടസപ്പെട്ടു. ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംപ്രേഷണം പുനരാരംഭിച്ചത്. കഴിഞ്ഞ ദിവസം കേന്ദ്രം മീഡിയ വണ്ണിന്റെ സംപ്രേഷണം വിലക്കിയതിന്റെ പിറ്റേ ദിവസം തന്നെയാണ് ഇത്തരത്തില്‍ മീഡിയ വണിന്റെ സംപ്രേഷണം തടസപ്പെടുന്നത്. അതേസമയം മീഡിയ വണ്ണിനെതിരെ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംപ്രേഷണ വിലക്ക് ഹൈക്കോടതി മരവിപ്പിച്ചിരുന്നു.

രണ്ട് ദിവസത്തേക്കാണ് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. ഹര്‍ജി ബുധനാഴ്ച കോടതി വീണ്ടും പരിഗണിക്കും. ജസ്റ്റിസ് എന്‍ നഗരേഷാണ് സംപ്രേഷണ വിലക്ക് സ്റ്റേ ചെയ്തത്. വിലക്ക് തുടരുന്നതില്‍ ശക്തമായ വാദങ്ങളായിരുന്നു കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. രാജ്യസുരക്ഷ കാരണം മുന്‍ നിര്‍ത്തിയാണ് ചാനലിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും അതിനാല്‍ തന്നെ വിഷയത്തില്‍ ഹൈക്കോടതിക്ക് ഇടപെടാന്‍ കഴിയില്ലെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വ്യക്തമാക്കിയത്.

Post a Comment

أحدث أقدم