*▪️കുട്ടികളെ കയറ്റാത്ത ബസ്സുകൾക്ക് എതിരെ നടപടി*
*മലപ്പുറം:* ജില്ലയില്‍ സ്‌കൂളുകള്‍ ഫെബ്രുവരി 21 മുതല്‍ ഒന്ന് മുതല്‍ 12 വരെ ക്ലാസുകളിലെ മുഴുവന്‍ കുട്ടികളെയും ഉള്‍പ്പെടുത്തി സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായി സ്വീകരിക്കേണ്ട മുന്‍കരുതലുകളും ഒരുക്കങ്ങളും ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. ഫെബ്രുവരി 21 മുതല്‍ സ്‌കൂള്‍ സമയം രാവിലെ മുതല്‍ വൈകീട്ട് വരെ അതത് സ്‌കൂളുകളുടെ സാധാരണ നിലയിലുളള ടൈംടേബിള്‍ അനുസരിച്ചാണ് നടക്കുക. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ പൊതു അവധി ദിവസങ്ങള്‍ ഒഴികെയുളള എല്ലാ ശനിയാഴ്ചകളും പ്രവൃത്തി ദിവസമായിരിക്കും. എല്ലാ ശനിയാഴ്ചകളിലും സ്‌കൂള്‍തല എസ്.ആര്‍.ജി ചേര്‍ന്ന് പാഠഭാഗങ്ങളുടെ പൂര്‍ത്തീകരണം സംബന്ധിച്ച് ചര്‍ച്ച ചെയ്യുകയും കുട്ടികളുടെ പഠനനേട്ടം ഉറപ്പു വരുത്തുന്നതിന് അനുയോജ്യമായ മാര്‍ഗങ്ങള്‍ അവലംബിക്കാനും നിര്‍ദേശം നല്‍കി.
*കുട്ടികളെ കയറ്റാത്ത ബസുകള്‍ക്കെതിരെ നടപടി;*
കുട്ടികളെ കയറ്റാന്‍ വിസമ്മതിക്കുന്ന ബസ് ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദേശം നല്‍കി. കുട്ടികളുടെ യാത്രാ സൗകര്യം ഉറപ്പുവരുത്തുന്നതിന് പി.ടി.എ മുന്‍കൈയെടുക്കണം. സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനും നിര്‍ദേശം നല്‍കി.
*ശുചിത്വം ഉറപ്പാക്കണം;*
സ്‌കൂളുകളിലെ ക്ലാസുമുറികള്‍, ഓഫീസ്, സ്റ്റാഫ് റൂം, ശുചിമുറികള്‍ എന്നിവിടങ്ങളില്‍ ശുചിത്വം ഉറപ്പുവരുത്തണം. മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയുടെ ഉപയോഗം ഉറപ്പുവരുത്തും. ഡിസ്‌പോസബിള്‍ മാസ്‌കുകളുടെ പുനരുപയോഗം തടയും.
*ലഹരി ഉപയോഗം തടയാന്‍ നിരീക്ഷണവും നടപടികളും*
കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിന് എക്‌സൈസ് വകുപ്പ് നടപടി സ്വീകരിക്കും. ഇതിനായി ബോധവത്ക്കരണ ക്ലാസുകള്‍ നടത്തും. സ്‌കൂളുകള്‍ ആരംഭിക്കുന്ന സമയത്തും പൊലീസ് നിരീക്ഷണം ഉണ്ടാകും. പി.ടി.എ, ക്ലാസ് പി.ടി.എ എന്നിവ വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്താനും കലക്ടര്‍ നിര്‍ദേശം നല്‍കി. ആഴ്ചയില്‍ രണ്ട് ദിവസം ജില്ലാതല മോണിറ്ററിങ് കമ്മിറ്റി യോഗം ചേരും. 15 വയസിന് മുകളിലുള്ള മുഴുവന്‍ കുട്ടികള്‍ക്കും രണ്ട് ഡോസ് വാക്‌സിന് നല്‍കുന്നതിനുള്ള നടപടി ഊര്‍ജിതപ്പെടുത്തും. കുട്ടികളിലെ കൊഴിഞ്ഞുപോക്ക് പ്രത്യേകിച്ച് പട്ടിക വര്‍ഗ വിഭാഗങ്ങളിലേത് തടയുന്നതിനാവശ്യമായ നടപടി സ്വീകരിക്കും.
Post a Comment