താമരശ്ശേരി: മികച്ച ശുചിത്വ പരിപാലനവും അണുബാധനിയന്ത്രണവും നടത്തുന്ന സർക്കാർ ആരോഗ്യസ്ഥാപനങ്ങൾക്കായി കേരള സർക്കാർ ഏർപ്പെടുത്തിയ കായകല്പ് പുരസ്കാരത്തിന്റെ തിളക്കം ഇത്തവണയും ജില്ലയ്ക്ക് നേടിക്കൊടുത്ത് മലയോരമേഖലയിലെ മാതൃകാ ആതുരാലയം. കഴിഞ്ഞവർഷത്തെ സംസ്ഥാന കായകല്പ് പുരസ്കാരങ്ങൾ ആരോഗ്യമന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചപ്പോൾ സംസ്ഥാനത്ത് ഉപജില്ലാ ആശുപത്രികളിൽ ഏറ്റവും മികച്ച രണ്ടാമത്തെ ആശുപത്രിക്കുള്ള അവാർഡ് താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയാണ് സ്വന്തമാക്കിയത്. 10 ലക്ഷം രൂപയാണ് സമ്മാനത്തുക. ഒന്നാമതെത്തിയ പുനലൂർ താലൂക്ക് ആശുപത്രി (91.06 പോയന്റ്) തൊട്ടുപിന്നിലായി 89.95 പോയന്റ് നേടിയാണ് താമരശ്ശേരി ആശുപത്രി രണ്ടാം സ്ഥാനത്തിനർഹമായത്.
-17, 2019-2020 കാലയളവുകളിൽ സബ് ജില്ലാ ആശുപത്രികളിൽ സംസ്ഥാനത്ത് രണ്ടാംസ്ഥാനം കരസ്ഥമാക്കിയിരുന്ന താമരശ്ശേരി ആശുപത്രി ഇത് മൂന്നാം തവണയാണ് സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ഉപജില്ലാ ആശുപത്രിയായി ജില്ലയ്ക്ക് അഭിമാനമാവുന്നത്. കുറ്റ്യാടി താലൂക്ക് ആശുപത്രിയായിരുന്നു സബ് ജില്ലാ വിഭാഗത്തിൽ കഴിഞ്ഞതവണ രണ്ടാമതെത്തിയത്. 2018-2019 കാലയളവിലെ കായകല്പ് പുരസ്കാര പ്രഖ്യാപനവേളയിൽ 70 ശതമാനത്തിൽ കൂടുതൽ സ്കോർ നേടിയ ആശുപത്രികൾക്കുള്ള അനുമോദന പുരസ്കാരവും താമരശ്ശേരി താലൂക്ക് ആശുപത്രി പങ്കിട്ടിരുന്നു. 2015-ൽ കേരള അക്രഡിറ്റേഷൻ ഫോർ സ്റ്റാൻഡേഡ് ഹോസ്പിറ്റൽ അംഗീകാരം കരസ്ഥമാക്കിയ താലൂക്കാശുപത്രി 2019-ൽ ഗുണമേൻമയോടെയുള്ള പ്രവർത്തനത്തിന് ദേശീയ ആരോഗ്യ മിഷൻ ഏർപ്പെടുത്തുന്ന നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേഡ് സർട്ടിഫിക്കറ്റും സ്വന്തമാക്കി.
മലയോരമേഖലയിലെ സാധാരണക്കാരായ രോഗികളുടെ ആശ്രയകേന്ദ്രമായ താമരശ്ശേരി ആശുപത്രി, വയനാട് ജില്ലയിലെ വൈത്തിരി താലൂക്ക് ആശുപത്രിക്കും കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിനും ഇടയിലുള്ള കിടത്തി ച്ചികിത്സയുള്ള ഏകസർക്കാർ ആതുരാലയമാണ്.
إرسال تعليق