രണ്ടു ദിവസത്തെ  രാജ്യവ്യാപക പണിമുടക്ക് ആരംഭിച്ചു

ന്യൂഡല്‍ഹി: തൊഴിലാളികളേയും കര്‍ഷകരേയും സാധാരണക്കാരേയും ബാധിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത രണ്ടു ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് ആരംഭിച്ചു. 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് ഞായറാഴ്ച അര്‍ദ്ധരാത്രിയോടെ തുടങ്ങി ചൊവ്വാഴ്ച അര്‍ദ്ധരാത്രി വരെ നീളും.

പാല്‍, പത്രം,ആശുപത്രി, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍,വിദേശ വിനോദ സഞ്ചാരികളുടെ യാത്ര തുടങ്ങിയ മേഖലകളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

മോട്ടോര്‍ വാഹന തൊഴിലാളികള്‍,ബാങ്ക്, റെയില്‍വേ, വൈദ്യുതി തുടങ്ങിയ മേഖലകളിലെ തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നതോടെ സാധാരണ ജീവിതത്തെ കാര്യമായി ബാധിക്കും. സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനവും താളംതെറ്റും. കഴിഞ്ഞ നാല് ദിവസമായി സ്വകാര്യ ബസ് സമരത്തില്‍ നട്ടം തിരിഞ്ഞ കേരളത്തിലെ സാധാരണക്കാരന് രണ്ടു ദിവസത്തെ പണിമുടക്ക് കൂടുതല്‍ ആഘാതം സൃഷ്ടിക്കും.

കല്‍ക്കരി, ഉരുക്ക്, എണ്ണ, ടെലികോം, തപാല്‍, ആദായ നികുതി, ഇന്‍ഷുറന്‍സ് തുടങ്ങി വിവിധ മേഖലകളിലെ തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി തൊഴിലാളി യൂണിയനുകള്‍ പ്രസ്താവനയില്‍ അറിയിച്ചു.

ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് സ്വകാര്യ വാഹനങ്ങള്‍ റോഡിലിറക്കരുതെന്ന് യൂണിയനുകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. കട കമ്പോളങ്ങള്‍ അടച്ചിടണമെന്ന് യൂണിയനുകള്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പണിമുടക്കിനോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിട്ടുണ്ട്. തുറക്കുന്ന കടകള്‍ക്ക് സംരക്ഷണം ആവശ്യപ്പെട്ട് വ്യാപാരികള്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്.

വിവിധ തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലുള്ള ദ്വിദിന ദേശീയ പണിമുടക്കില്‍ ബാങ്ക് തൊഴിലാളി യൂണിയനുകളും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പൊതുമേഖല ബാങ്കുകളെ സ്വകാര്യ വത്കരിച്ചുകൊണ്ടിരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ പ്രതിഷേധിച്ചാണ് ബാങ്ക് ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരിക്കുന്നത്.

അതേസമയം രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐ അറിയിച്ചിരിക്കുന്നത്, പണിമുടക്ക് ദിവസങ്ങളില്‍ തങ്ങളുടെ ശാഖകളിലും ഓഫീസുകളിലും സാധാരണ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ ബാങ്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്നാണ്. അതേ സമയം തന്നെ ബാങ്കിന്റെ പ്രവര്‍ത്തനത്തില്‍ ഒരു പരിധിവരെ പണിമുടക്ക് ബാധിച്ചേക്കാമെന്നും എസ്ബിഐ അറിയിച്ചിട്ടുണ്ട്. മറ്റു ബാങ്കുകളുടെ പ്രവര്‍ത്തനത്തേയും പണിമുടക്ക് ബാധിച്ചേക്കും.

Post a Comment

أحدث أقدم