ഓൺലൈൻ വായ്പകളിൽ കുടുങ്ങാതെ, ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

മൊബൈൽ ആപ്പിൽ രജിസ്റ്റർ ചെയ്ത ഓൺലൈൻ ലോണുകൾ നൽകുന്ന നിരവധി കമ്പനികളുണ്ട് ഇപ്പോൾ നമുക്ക് ചുറ്റും.പണത്തിന്റെ ആവശ്യം വന്നാൽ ഒന്നും നോക്കാതെ ആപ്പിൽ പോയി നമ്മുടെ സ്വകാര്യ വിവരങ്ങളെല്ലാം നൽകി ലോൺ എടുക്കുന്നവരുണ്ട്. അവർ ഒരിക്കലും നമ്മുടെ വരും വരായികയൊന്നും നോക്കില്ല എന്നതാണ് മറ്റൊരു സത്യം. എന്നാൽ ഇങ്ങനെ ലോൺ ട്രാപ്പിലായി ജീവിതം വരെ വഴിമുട്ടിയവർ നമുക്ക് മുന്നിലുണ്ട്. റിസർവ് ബാങ്ക് അംഗീകരിച്ചിട്ടുള്ള ബാങ്കുകൾക്കും ബാങ്കിതര ധനകാര്യസ്ഥാപനങ്ങൾക്കും മാത്രമേ വായ്പ ആപ്പുകളും പോർട്ടലുകളും ഉപയോഗിച്ച് വായ്പ വിതരണം അനുവാദമുള്ളൂ. 

എന്നാൽ ഇവിടെ ഓരോ ദിവസം കൂടി വരുമ്പോഴേക്കും കൂടുതൽ ഇത്തരത്തിൽ ലോൺ നൽകുന്ന കമ്പനികളുടെ എണ്ണം കൂടുകയാണ്. ലളിതമായ ചില സ്റ്റെപ്പുകളിലൂടെ നമുക്ക് ലോൺ ലഭിക്കും.തിരിച്ചടവ് വൈകിയാൽ ഭീമമായ പലിശ ഈടാക്കുക എന്ന് മാത്രമല്ല നമ്മുടെ വ്യക്തിഗത വിവരങ്ങൾ ദുരുപയോഗം ചെയ്യുകയും വായ്പ തിരിച്ചുപിടിക്കനായി മോശമായ പെരുമാറ്റവും അവരുടെ ഭാഗത്തുനിന്നു ഉണ്ടാകുന്നു. ലോക്ഡൗണും മൂലം പലരുടെയും ജോലി നഷ്ടപ്പെട്ട് സാമ്പത്തിക ബുദ്ധിമുട്ടിൽ നിൽക്കുമ്പോഴാണ് പലരും ഇത്തരത്തിലെ ലോൺ എടുക്കാൻ നിർബന്ധിതരായത്. ഇങ്ങനെ ലോൺ എടുത്ത് ട്രാപ്പിൽ പെടാതിരിക്കാൻ കേരള പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

1. ആപ് ഡൗൺലോഡ് ചെയ്യുമ്പോൾ തന്നെ ഫോണിലുള്ള വിവരങ്ങൾ അപ്പാടെ ഉപയോഗിക്കാൻ അനുവാദം കൊടുക്കരുത്. ഏതു ബാങ്ക് അല്ലെങ്കിൽ ധനകാര്യസ്ഥാപനമാണ് വായ്പ ലഭ്യമാക്കുന്നതെന്നു വ്യക്തമല്ലെങ്കിൽ വായ്പ വാങ്ങരുത്. ദിവസക്കണക്കിനോ മാസക്കണക്കിനോ പറയുന്ന പലിശ നിരക്കുകൾ വാർഷികാടിസ്ഥാനത്തിൽ എത്ര വരുമെന്നു മുൻകൂട്ടി മനസ്സിലാക്കണം. പലിശ കണക്കുകൂട്ടുന്ന രീതിയും പിഴപ്പലിശയും മറ്റു ചാർജുകളും എത്രയാണെന്നും ഒക്കെ ആദ്യമേ തിരിച്ചറിയണം. വായ്പക്കരാറിന്റെ കോപ്പി പരിശോധിച്ച് വ്യക്തിഗതവിവരങ്ങൾ അനുവാദമില്ലാതെ ദുരുപയോഗപ്പെടുത്തില്ലെന്നും മറ്റും ഉറപ്പാക്കുകയും വേണം

2. വായ്പ അപേക്ഷിക്കുന്നവരുടെ സമൂഹ മാധ്യമങ്ങളിൽനിന്നു വിവരങ്ങൾ ചോർത്തിയെടുത്ത് ഇടപാടുകളും പെരുമാറ്റങ്ങളും പരിശോധന നടത്തി ഓരോരുത്തരുടെയും ബന്ധങ്ങളും സാമ്പത്തിക സ്വഭാവവും കൃത്യമായി അവലോകനം ചെയ്ത ശേഷമാണ് ആപ്പുകൾ വായ്പ അനുവദിക്കുന്നത്. നിർമിത ബുദ്ധി, ബിഗ് ഡേറ്റ വിശകലനം തുടങ്ങിയ ഡിജിറ്റൽ സാങ്കേതിക വിദ്യകളാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. സമൂഹത്തിൽ മാന്യന്മാരായിട്ടുള്ളവർ കോണ്ടാക്‌ട് ലിസ്റ്റിൽ ഉണ്ടെങ്കിൽ ക്രെഡിറ്റ് സ്കോർ ഇല്ലെങ്കിലും വായ്പ ലഭിക്കും. മെഗാ ബൈറ്റ് കണക്കിന് ടെക്സ്റ്റ് മെസ്സേജുകളും പോസ്റ്റുകളും നിമിഷ നേരം കൊണ്ട് പരതിയെടുത്തു കാച്ചിക്കുറുക്കി കൃത്യമായ വിവരം മനസ്സിലാക്കിയാണ് വായ്പ അനുവദിച്ചതെന്ന് അപേക്ഷകൻ ചിന്തിക്കാറില്ല.

3. വാട്സാപ്, ഫെയ്സ്ബുക് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിൽ ചുറുചുറുക്കോടെ സാന്നിദ്ധ്യമുള്ളവർക്കു വായ്പ നൽകാൻ ആപ്പുകൾക്കു വലിയ താൽപര്യമാണ്. ക്രെഡിറ്റ് സ്കോർ ഇല്ലെങ്കിലും കോണ്ടാക്ട് ലിസ്റ്റ് വായ്പാസ്ഥാപനത്തിനു കൈമാറ്റം ചെയ്തുകൊടുത്താൽ മതി. തവണ തെറ്റുമ്പോഴേക്കും അടുത്ത സുഹൃത്തുകൾക്കും ബന്ധുക്കൾക്കും സന്ദേശം വന്നിട്ടുണ്ടാകും. സമൂഹത്തിൽ മാന്യന്മാരായ നിങ്ങളുടെയൊക്കെ ജാമ്യത്തിൽ കക്ഷി പണം കടം വാങ്ങി സാമ്പത്തിക തിരിമറി നടത്തിയിരിക്കുന്നെന്ന രീതിയിലായിരിക്കും സന്ദേശങ്ങൾ പ്രചരിക്കുക.

Post a Comment

أحدث أقدم