കെ സ്വിഫ്റ്റ് ഫലം കണ്ടുതുടങ്ങി'; സ്വകാര്യ ബസുകള്‍ ഒറ്റയടിക്ക് യാത്രാനിരക്ക് കുറച്ചത് ചൂണ്ടി കെഎസ്ആര്‍ടിസി

കെഎസ്ആര്‍ടിസി സ്വിഫ്റ്റിനെ ഭയക്കുന്നതാര്? എന്തിന്?' എന്ന സ്റ്റോറി വന്ന് മണിക്കൂറുകള്‍ക്കകം സ്വകാര്യ കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ അവരുടെ കൂടിയ നിരക്കുകള്‍ കുറച്ചു തുടങ്ങിയെന്നും കോര്‍പറേഷന്‍

തിരുവനന്തപുരം: ദീര്‍ഘദൂര സ്വകാര്യ ബസുകള്‍ ഒറ്റയടിക്ക് യാത്രാ നിരക്ക് കുറച്ചത് കെ സ്വിഫ്റ്റ് ഫലം കണ്ടുതുടങ്ങിയെന്നതിന് തെളിവാണെന്ന് കെഎസ്ആര്‍ടിസി. ആരേയും തോല്പിക്കാന്‍ വേണ്ടിയല്ല കെ സ്വിഫ്‌റ്റെന്ന് കെഎസ്ആര്‍ടിസി ഫേസ്ബുക്കില്‍ കുറിച്ചു. സാധാരണ യാത്രക്കാരുടെ ന്യായമായ യാത്രാ സ്വാതന്ത്ര്യം സംരക്ഷിക്കാനാണ് പുതിയ സംരംഭമായ കെ സ്വിഫ്റ്റ്. ആയതിന് ഫലം കണ്ടു തുടങ്ങിയിരിക്കുന്നു. ഫേസ്ബുക്ക് പേജില്‍ 'കെഎസ്ആര്‍ടിസി സ്വിഫ്റ്റിനെ ഭയക്കുന്നതാര്? എന്തിന്?' എന്ന സ്റ്റോറി വന്ന് മണിക്കൂറുകള്‍ക്കകം സ്വകാര്യ കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ അവരുടെ കൂടിയ നിരക്കുകള്‍ കുറച്ചു തുടങ്ങിയെന്നും കോര്‍പറേഷന്‍ ചൂണ്ടിക്കാട്ടി.

'കെഎസ്ആര്‍ടിസിയെ സംബന്ധിച്ചിടത്തോളം ഞങ്ങള്‍ ആഗ്രഹിച്ചതും അത്രയേ ഉള്ളൂ, ജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ യാത്ര സൗകര്യം ഏര്‍പ്പെടുത്തുക. കേരള സര്‍ക്കാര്‍ നിരത്തിലിറക്കിയ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസുകള്‍ വ്യാപകമായി അപകടം ഉണ്ടാക്കുന്നു എന്ന് പറഞ്ഞവര്‍ തന്നെ അത് മാറ്റിപ്പറയേണ്ടി വന്ന സാഹചര്യം നിലനില്‍ക്കുകയാണ്. ഇന്നലെ വൈകിട്ട് സ്വകാര്യ ബസിന്റെ തിരുവനന്തപുരം ബാംഗ്ലൂര്‍ സര്‍വ്വീസ് 4,000 മുതല്‍ 5,000 രൂപ വരെയാണ് ഈടാക്കിയത്. വിഷു, ഓണം, ക്രിസ്തുമസ് തുടങ്ങിയ അവധി ദിവസങ്ങളില്‍ മാത്രം പത്രമാധ്യമങ്ങള്‍ ഈ കൊള്ളയുടെ വാര്‍ത്തകള്‍ ഇട്ടതിനു ശേഷം മറ്റൊരു വിഷയത്തിലേക്ക് മാറുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാകും. അന്നു കെഎസ്ആര്‍ടിസിയുടെ ബസുകള്‍ കൊണ്ട് നമുക്ക് ഇതിനൊരു പരിഹാരം കാണുവാന്‍ സാധിച്ചിരുന്നുമില്ല. അതിനെല്ലാം പരിഹാരമാര്‍ഗ്ഗം എന്ന നിലയിലാണ് സ്വിഫ്റ്റിന്റെ ഉദയമെന്നും കെഎസ്ആര്‍ടിസി പറഞ്ഞു.

ഇന്നലെ ഫേസ്ബുക്ക് പോസ്റ്റ് വന്നതിന് ശേഷം സ്വകാര്യ ബസ് ലോബികള്‍ അമിത നിരക്ക് കുറച്ചതിന്റെ സ്‌ക്രീന്‍ ഷോട്ടും കെഎസ്ആര്‍ടിസി പങ്കുവെച്ചു. 'നിങ്ങള്‍ വസ്തുതകള്‍ മനസ്സിലാക്കണം. കെ സ്വിഫ്റ്റ് സര്‍വ്വീസ് ആരംഭിച്ചതുമുതല്‍ വ്യാപകമായ രീതിയില്‍ പൊതുജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍ സോഷ്യല്‍ മീഡിയകളിലും, ഓണ്‍ലൈന്‍ മാധ്യമങ്ങളിലും പടച്ചുവിട്ട അസത്യങ്ങള്‍ തിരിച്ചറിയുക.' എന്നും യാത്രക്കാര്‍ക്കൊപ്പവും യാത്രക്കാര്‍ക്ക് സ്വന്തവുമാണ് തങ്ങളെന്നും കെഎസ്ആര്‍ടിസി കൂട്ടിച്ചേര്‍ത്തു.



Post a Comment

أحدث أقدم