മഞ്ചേരി | സന്തോഷ് ട്രോഫി ഫുട്ബോളില്‍ മേഘാലയക്കെതിരേ സമനിലയില്‍ കുടുങ്ങി കേരളം. പയ്യനാട് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരുടീമും രണ്ടു ഗോളുകള്‍ വീതം നേടി. ക്യാപ്റ്റന്‍ ജിജോ ജോസഫ് പെനാല്‍റ്റി പാഴാക്കിയത് കേരളത്തിന് തിരിച്ചടിയായി. മേഘാലയ ഗോള്‍കീപ്പര്‍ ഫ്രോളിക്സണ്‍ ഡഖാറിന്റെ മികവും കേരളത്തിന്റെ ജയം തടഞ്ഞു.
പതിനെട്ടായിരത്തോളം വരുന്ന കാണികളുടെ മുന്നില്‍ കേരളത്തിനെതിരേ തകര്‍പ്പന്‍ കളിയാണ് മേഘാലയ പുറത്തെടുത്തത്. തുടക്കത്തില്‍ കേരള ആക്രമണങ്ങളെ പ്രതിരോധിച്ച മേഘാലയ, കേരളം ഗോള്‍ നേടിയതോടെ ആക്രമണ ഫുട്ബോള്‍ പുറത്തെടുക്കുകയായിരുന്നു.
പശ്ചിമ ബംഗാളിനെതിരേ വിജയം നേടിയ മത്സരത്തില്‍ നിന്നും ഒരു മാറ്റവുമായാണ് കേരളം മേഘാലയക്കെതിരേ ആദ്യ ഇലവനെ ഇറക്കിയത്. അണ്ടര്‍ 21 താരം ഷിഗിലിന് പകരം മുഹമ്മദ് സഫ്നാദ് ആദ്യ ഇലവനില്‍ ഇടംനേടി. മറുവശത്ത് മേഘാലയ, രാജസ്ഥാനെതിരായ കഴിഞ്ഞ മത്സരത്തില്‍ നിന്ന് മൂന്ന് മാറ്റങ്ങളുമായാണ് കളത്തിലിറങ്ങിയത്.
മേഘാലയയുടെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചതെങ്കിലും കളിയിലെ ആദ്യ അവസരം ലഭിച്ചത് കേരളത്തിനായിരുന്നു. 11-ാം മിനിറ്റില്‍ വിഖ്നേഷ് ബോക്സിലേക്ക് നീട്ടിയ പന്തില്‍ നിന്നുള്ള അര്‍ജുന്‍ ജയരാജിന്റെ ഗോള്‍ശ്രമം മേഘാലയ ഡിഫന്‍ഡര്‍ വില്‍ബര്‍ട്ട് കൃത്യമായ ഇടപെടല്‍ നടത്തി ഒഴിവാക്കി.
പിന്നാലെ കേരളം ആക്രമണം തുടര്‍ന്നുകൊണ്ടിരുന്നു. 17-ാം മിനിറ്റില്‍ പയ്യനാട് സ്റ്റേഡിയത്തിലെ കാണികളെ ത്രസിപ്പിച്ചുകൊണ്ട് കേരളത്തിന്റെ ആദ്യ ഗോളെത്തി. കേരളത്തിന്റെ മുന്നേറ്റത്തിനൊടുവില്‍ പന്ത് ലഭിച്ച നിജോ ഗില്‍ബര്‍ട്ട് നല്‍കിയ അളന്നുമുറിച്ച ക്രോസ് മുഹമ്മദ് സഫ്നാദ് വലയിലെത്തിക്കുകയായിരുന്നു. ഈ ഗോളിന് കൈയടി നല്‍കേണ്ടത് നിജോയുടെ മികച്ച ക്രോസിനാണ്.
ഗോള്‍ വീണതോടെ അത്രയും നേരം ടൈറ്റ് മാര്‍ക്കിങ്ങുകളുമായി കളിക്കുകയായിരുന്ന മേഘാലയ ആക്രമണത്തിനിറങ്ങി. ഇതിനിടെ 27-ാം മിനിറ്റില്‍ സോയല്‍ ജോഷിയുടെ ക്രോസില്‍ നിന്ന് വിഖ്നേഷ് പന്ത് വലയിലെത്തിച്ചെങ്കിലും ഓഫ്സൈഡായിരുന്നു. പിന്നാലെ കളംനിറഞ്ഞുകളിച്ച നിജോയ്ക്ക് 29-ാം മിനിറ്റില്‍ ഒരു അവസരം ലഭിച്ചു. വിഘ്നേഷ് ചിപ് ചെയ്ത് നല്‍കിയ പന്ത് പക്ഷേ ഗോളാക്കാന്‍ നിജോയ്ക്ക് സാധിച്ചില്ല.
37-ാം മിനിറ്റില്‍ മേഘാലയ വീണ്ടും കേരള പ്രതിരോധത്തെ പരീക്ഷിച്ചു. എന്നാല്‍ മേഘാലയ താരത്തിന്റെ ഉറച്ച ഗോള്‍ശ്രമം സോയല്‍ കൃത്യമായ ഇടപെടലിലൂടെ വിഫലമാക്കി.
40-ാം മിനിറ്റില്‍ സ്റ്റേഡിയത്തെ നിശബ്ദമാക്കി മേഘാലയയുടെ ഗോളെത്തി. വലതുവിങ്ങില്‍ നിന്ന് അറ്റ്ലാന്‍സന്‍ ഖര്‍മ നല്‍കിയ ക്രോസ് കിന്‍സൈബോര്‍ ലുയ്ദ് ടാപ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു. ഇതോടെ ആദ്യ പകുതി 1-1ന് അവസാനിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ കേരളത്തിന്റെ ആക്രമണങ്ങള്‍ക്കാണ് സ്റ്റേഡിയം സാക്ഷിയായത്. 46-ാം മിനിറ്റില്‍ നൗഫല്‍ വലതുവിങ്ങില്‍ നിന്ന് നല്‍കിയ പന്ത് ജെസിന്‍, സഫ്നാദിന് ക്രോസ് ചെയ്തു. പക്ഷേ സഫ്നാദിന് പന്ത് വലയിലെത്തിക്കാനായില്ല.
49-ാം മിനിറ്റില്‍ ജെസിനെ മേഘാലയ താരം ബോക്സില്‍ വീഴ്ത്തിയതിന് കേരളത്തിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. പക്ഷേ കിക്കെടുത്ത ക്യാപ്റ്റന്‍ ജിജോ ജോസഫിന് പിഴച്ചു. പന്ത് ബാറിന് മുകളിലൂടെ പുറത്തേക്ക്.
പിന്നാലെ 55-ാം മിനിറ്റില്‍ കേരളത്തെ ഞെട്ടിച്ച് ഫിഗോ സിന്‍ഡായ് മേഘാലയയെ മുന്നിലെത്തിച്ചു. കോര്‍ണറില്‍ നിന്ന് ഹെഡറിലൂടെയായിരുന്നു ഫിഗോയുടെ ഗോള്‍. എന്നാല്‍ ഈ ഗോളിന്റെ ആവേശമടങ്ങും മുമ്പ് കേരളം ഒപ്പമെത്തി. 58-ാം മിനിറ്റില്‍ അര്‍ജുന്‍ ജയരാജ് എടുത്ത ഫ്രീ കിക്കില്‍ നിന്നായിരുന്നു ഗോള്‍. മേഘാലയ താരങ്ങളുടെ ദേഹത്ത് തട്ടിയെത്തിയ പന്ത് മുഹമ്മദ് സഹീഫ് വലയിലെത്തിക്കുകയായിരുന്നു.
പിന്നാലെ 87-ാം മിനിറ്റില്‍ ബോക്സില്‍ വെച്ച് ലഭിച്ച അവസരം ജിജോയ്ക്ക് മുതലാക്കാനായില്ല. തൊട്ടടുത്ത മിനിറ്റില്‍ സഹീഫിന്റെ ഫ്രീ കിക്കില്‍ നിന്ന് ബിപിന്‍ അജയന്റെ ഹെഡര്‍ ബാറിലിടിച്ച് മടങ്ങിയത് കേരളത്തിന് തിരിച്ചിടിയായി.
90-ാം മിനിറ്റില്‍ സോയലിന്റെ ക്രോസില്‍ നിന്നുള്ള ജിജോയുടെ ഗോളെന്നുറപ്പിച്ച ഷോട്ട് മേഘാലയ ഗോള്‍കീപ്പര്‍ ഫ്രോളിക്സണ്‍ ഡഖാര്‍ രക്ഷപ്പെടുത്തിയതോടെ കേരളത്തിന് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു
إرسال تعليق