അന്താരാഷ്ട്ര നിലവാരമുള്ള ഡ്രൈവിങ് ലൈസൻസ് അടുത്തമാസം മുതൽ - മന്ത്രി.

കൊല്ലം: അന്താരാഷ്ട്ര നിലവാരത്തിലുള്ള, സ്മാർട്ട് കാർഡിനു തുല്യമായ എലഗെന്റ് ഡ്രൈവിങ് ലൈസൻസ് കാർഡുകൾ മോട്ടോർവാഹന വകുപ്പ് അടുത്തമാസം പുറത്തിറക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. മോട്ടോർവാഹന വകുപ്പിന്റെ ജില്ലാതല പരാതിപരിഹാര അദാലത്ത് 'വാഹനീയം-2022' ഉദ്ഘാടനം സി.കേശവൻ സ്മാരക ടൗൺഹാളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

മോട്ടോർവാഹന വകുപ്പിന്റെ ഓഫീസുകളിൽ തീർപ്പാകാതെയുള്ള അപേക്ഷകളിലും പരാതികളിലും ഉടൻ നടപടി സ്വീകരിക്കുന്നതിനായാണ് അദാലത്ത് സംഘടിപ്പിച്ചത്. അപേക്ഷകൾ സമർപ്പിക്കുന്നതിന് ഓൺലൈൻ ഫെസിലിറ്റേഷൻ സെന്റർ സൗകര്യം ഏർപ്പെടുത്തിയിരുന്നു. ഇടുക്കി ലൈവ്. അപേക്ഷകരുമായി മന്ത്രി ആന്റണി രാജു നേരിട്ടു സംവദിച്ചു. വാഹനങ്ങൾ, ഡ്രൈവിങ് ലൈസൻസ്, മറ്റു യാത്രാസൗകര്യങ്ങൾ, വാഹന രജിസ്ട്രേഷൻ, പെർമിറ്റ്, വാഹന നികുതി, ചെക്ക് റിപ്പോർട്ട് എന്നിവയുമായി ബന്ധപ്പെട്ട എല്ലാ പരാതികളും അദാലത്തിൽ പരിഗണിച്ചു.

ജില്ലയിലെ വിവിധ ഓഫീസുകൾ കേന്ദ്രീകരിച്ച് 1162 പരാതികളാണ് ലഭിച്ചത്. ഇതിൽ 940 എണ്ണം പരിഹരിച്ചു. മറ്റുപരാതികൾ വിവിധ ഓഫീസുകൾ മുഖേന തീർപ്പാക്കുന്നതിനും സർക്കാർ തലത്തിലുള്ള ഇടപെടലിനുമായി മാറ്റി.

ജൂൺ പകുതിയോടെ കേരളത്തിലെ മുഴുവൻ ജില്ലകളിലും പരാതിപരിഹാര അദാലത്ത് പൂർത്തിയാക്കും.

ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ സഞ്ചരിക്കുന്ന വാഹനങ്ങളുടെ പെർമിറ്റും വാഹനങ്ങളിൽ സഞ്ചരിക്കുന്നവരുടെ ലൈസൻസും റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു.

അദാലത്തുകൾക്ക് വേദിയൊരുക്കാതെ സമയബന്ധിതമായി പരാതികൾക്ക് തീർപ്പുകൽപ്പിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി. മന്ത്രി കെ.എൻ.ബാലഗോപാൽ അധ്യക്ഷനായി. എം.നൗഷാദ് എം.എൽ.എ., പി.സി. വിഷ്ണുനാഥ് എം.എൽ.എ., കോർപ്പറേഷൻ കൗൺസിലർ എ.കെ. സവാദ്, അഡീഷണൽ ട്രാൻസ്പോർട്ട് കമ്മിഷണർ പ്രമോദ് ശങ്കർ, സൗത്ത് സോൺ ട്രാൻസ്പോർട്ട് കമ്മിഷണർ കെ.മനോജ്കുമാർ, ആർ.ടി.ഒ. ഡി.മഹേഷ് എന്നിവരുമുണ്ടായിരുന്നു.

മോട്ടോർവാഹന വകുപ്പിന്റെ ജില്ലയിലെ പ്രവർത്തനങ്ങൾക്കൊപ്പം സജീവമായുള്ള ട്രാക്ക് ടീമംഗങ്ങളെ ചടങ്ങിൽ ആദരിച്ചു.

മന്ത്രിസഭാ വാർഷികത്തിലെ മോട്ടോർവാഹന വകുപ്പിന്റെ സ്റ്റാളിൽ നടത്തിയ ചോദ്യോത്തരമത്സരത്തിൽ സമ്മാനാർഹർക്ക് ഹെൽമെറ്റും സമ്മാനിച്ചു.

Post a Comment

أحدث أقدم