ഈ നില തുടര്‍ന്നാല്‍ അടച്ചുപൂട്ടേണ്ടി വരും; ഡീസല്‍ വിലക്കെതിരെ കെഎസ്ആര്‍ടിസി സുപ്രിംകോടതിയില്‍

വിപണി വിലയ്ക്ക് ഡീസല്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി സുപ്രിംകോടതിയില്‍. ഡീസലിന്റെ അധികവില സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുമെന്ന് കെഎസ്ആര്‍ടിസി. ഇപ്പോഴത്തെ സ്ഥിതി തുടര്‍ന്നാല്‍ അടച്ച് പൂട്ടേണ്ടിവരുമെന്ന് ഹര്‍ജിയില്‍ കെഎസ്ആര്‍ട്ടിസി വ്യക്തമാക്കുന്നു. ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

കേരളത്തില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് ഉടമകള്‍ക്ക് വിപണി വിലയ്ക്കാണ് ഡീസല്‍ ലഭിക്കുന്നത്. എന്നാല്‍ പൊതുമേഖലാ സ്ഥാപനമായ കെഎസ്ആര്‍ടിസി ലിറ്ററിന് ഇരുപതിലധികം രൂപ അധികമായി നല്‍കിയാണ് ഡീസല്‍ വാങ്ങുന്നത്. ഇതിലൂടെ പ്രതിദിനം ഇരുപത് ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നത്. ഈ നില തുടര്‍ന്നാല്‍ അടച്ചുപൂട്ടേണ്ടി വരുമെന്നാണ് അഭിഭാഷകന്‍ ദീപക് പ്രകാശ് മുഖേന സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപ്പീലില്‍ കെഎസ്ആര്‍ടിസി വ്യക്തമാക്കിയിരിക്കുന്നത്.

ലാഭകരമല്ലാത്ത റൂട്ടില്‍ പോലും പൊതുജനങ്ങള്‍ക്ക് യാത്രാസൗകര്യം ഒരുക്കുന്നതിനായി സേവനം നടത്തുന്ന കെഎസ്ആര്‍ടിസിക്ക് സ്വകാര്യ വാഹനങ്ങള്‍ക്ക് നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ തുകയ്ക്ക് ഡീസല്‍ നല്‍കുന്നത് നീതികേടാണ്. ഭരണഘടനയുടെ പതിനാലാം അനുച്ഛേദനത്തിന്റെ ലംഘനം കൂടിയാണ് എണ്ണക്കമ്പനികളുടെ നടപടിയെന്നും അപ്പീലില്‍ വിശദീകരിച്ചിട്ടുണ്ട്. വേനല്‍ അവധിക്ക് സുപ്രീം കോടതി അടയ്ക്കുന്നതിന് മുമ്പ് ഹര്‍ജി കോടതിയുടെ പരിഗണനയ്ക്ക് എത്തിക്കാനാണ് കോര്‍പ്പറേഷന്റെ അഭിഭാഷകര്‍ ശ്രമിക്കുന്നത്.

Post a Comment

Previous Post Next Post