പുള്ളാവൂരിനെയും കടത്തിവെട്ടും പരപ്പൻപൊയിലിലെ കൂറ്റൻ കട്ടൗട്ട്

താമരശ്ശേരി : മലയാളികളുടെ കാൽപ്പന്തുകളിപ്രേമത്തിന്റെ പാരമ്യത്തെ ലോകശ്രദ്ധയിലെത്തിച്ച പുള്ളാവൂരിനെയും കടത്തിവെട്ടുകയാണ് ആരാധകർക്കിടയിലെ കിടമത്സരത്തിന്റെയും ഭീമൻ കട്ടൗട്ടുകളുടെയും കാര്യത്തിൽ താമരശ്ശേരിയിലെ പരപ്പൻപൊയിൽ. കുറുങ്ങാട്ടക്കടവിൽ ചെറുപുഴയിലെ തുരുത്തിൽ സ്ഥാപിച്ച സൂപ്പർതാരങ്ങളുടെ കട്ടൗട്ടുകളെ വെല്ലുന്നതരത്തിൽ കട്ടൗട്ട് യുദ്ധംതന്നെയാണ് പരപ്പൻപൊയിലിലെ ഫുട്‌ബോൾ ആരാധകർക്കിടയിൽ നടക്കുന്നത്. ബ്രസീലിയൻ സൂപ്പർതാരം നെയ്മറിന്റെ അമ്പതടിയിലേറെ ഉയരമുള്ള പടുകൂറ്റൻ കട്ടൗട്ടാണ് ബുധനാഴ്ച വൈകീട്ട് ദേശീയപാതയ്ക്കരികിൽ ബ്രസീൽ ഫാൻസ് പരപ്പൻപൊയിൽ ഉയർത്തി നാട്ടിയത്. വെള്ളിയാഴ്ച സി.ആർ. സെവൻഫാൻസ് സ്ഥാപിച്ച പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നാല്പതടി ഉയരത്തിലുള്ള കട്ടൗട്ടിന് തൊട്ടടുത്തായാണ് നെയ്മറുടെ രൂപമുയർത്തിയത്.

ഇവ രണ്ടും സ്ഥാപിച്ചതോടെ പരപ്പൻപൊയിലിൽ ദേശീയപാതയോരത്ത് ആദ്യമായി ഉയർത്തിയ അർജന്റീനിയൻ ഇതിഹാസതാരം ലയണൽ മെസ്സിയുടെ കട്ടൗട്ട് താരതമ്യേന ചെറുതായി. ആ വിഷമംമാറ്റാൻ അരയും തലയുംമുറുക്കി മെസ്സിആരാധകർ രംഗത്തെത്തിക്കഴിഞ്ഞു. റൊണാൾഡോയുടെയും നെയ്മറിന്റെയും കട്ടൗട്ടിനെക്കാൾ ഉയരത്തിൽ ലയണൽ മെസ്സിയുടെ അറുപതടിയിലേറെ വരുന്ന ഭീമൻ കട്ടൗട്ടിന്റെ പണിപ്പുരയിലാണവർ. പുള്ളാവൂരിൽ സ്ഥാപിച്ച മെസ്സിക്ക്‌ മുപ്പതടിയും നെയ്മറിന് നാല്പതടിയുമാണ് ഉയരം. അതേസമയം പരപ്പൻപൊയിലിലെ ക്രിസ്റ്റ്യാനോയെക്കാൾ പത്തടി അധികം ഉയരത്തിലാണ് കുറുങ്ങാട്ടുകടവിലെ കട്ടൗട്ട്.

ബാന്റ് മേളത്തിന്റെ അകമ്പടിയോടെയുള്ള റോഡ്‌ഷോയും കരിമരുന്നുപ്രയോഗവുമെല്ലാം നടത്തി ഉത്സവാന്തരീക്ഷത്തിലാണ് മഞ്ഞപ്പടയുടെ തുരുപ്പുചീട്ടായ നെയ്മറിന്റെ കട്ടൗട്ട് ആരാധകർ പരപ്പൻപൊയിലിൽ സ്ഥാപിച്ചത്. സുനി, ഷൈജൻ, ഫൈസൽ എന്നിവരാണ് കട്ടൗട്ട് തയ്യാറാക്കിയത്.

പ്ലൈവുഡും റീപ്പറുമുപയോഗിച്ചൊരുക്കിയ കട്ടൗട്ടിനും മറ്റുമായി ഒരുലക്ഷത്തോളം രൂപ ചെലവായെന്ന് ഇതിന് നേതൃത്വം നൽകിയ സഹൽ കിൻസ, കെ.സി. താഹിർ, സുഹൈൽ, നാഫി തുടങ്ങിയവർ പറയുന്നു. ബ്രസീലിന്റെ ഹോംജേഴ്‌സിൽ നെയ്മറുടെ ഗോൾആഘോഷമാണ് കട്ടൗട്ടിന് വിഷയമാക്കിയത്.


Post a Comment

أحدث أقدم