വിലക്കയറ്റം; മിന്നൽപ്പരിശോധനയ്ക്ക് ഒരുങ്ങി സർക്കാർ

തിരുവനന്തപുരം* | പൊതു വിപണിയിൽ അരിയടക്കമുള്ള ഭക്ഷ്യ വസ്തുക്കളുടെ വിലവർധന തടയാൻ ഭക്ഷ്യ-പൊതുവിതരണ വകുപ്പ്. ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം. ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിലുള്ള വില നിരീക്ഷണസമിതി പ്രവർത്തനം ശക്തമാക്കും. ലീഗൽ മെട്രോളജി വകുപ്പിന്റെ പ്രത്യേക സ്ക്വാഡുകൾ മാർക്കറ്റുകളിൽ മിന്നൽ പരിശോധനയും നടത്തും. കരിഞ്ചന്തയും പൂഴ്‌ത്തിവെപ്പുമാണോ വിലക്കയറ്റത്തിനു കാരണമെന്ന് പരിശോധനയിലൂടെ വിലയിരുത്തുമെന്ന് ഭക്ഷ്യവകുപ്പ് വൃത്തങ്ങൾ പറഞ്ഞു.

വില നിരീക്ഷണസമിതിയുടെ വിലയിരുത്തലിനുശേഷം ആവശ്യമെങ്കിൽ സർക്കാർ വിപണിയിൽ ഇടപെടും. വിലക്കയറ്റം പിടിച്ചുനിർത്താൻ സപ്ലൈകോയും മാവേലി സ്റ്റോറ്റുകളുംവഴി അരിവിതരണം അടക്കമുള്ള നടപടികളെടുത്തിട്ടുണ്ടെന്ന് ഭക്ഷ്യവകുപ്പ് വ്യക്തമാക്കി.

എന്നാൽ, പൊതുവിപണിയിൽ ഇടപെടാൻ പരിമിതിയുണ്ടെന്നാണ് സർക്കാർ വാദം. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാനും അധികവില ഈടാക്കുന്നുണ്ടോയെന്നു പരിശോധിക്കാനും മാത്രമേ സർക്കാരിനാവൂ. മാവേലിസ്റ്റോറും സപ്ലൈകോയും വഴിയുള്ള സർക്കാരിന്റെ ഇടപെടലുകൾകൊണ്ട് പൊതുവിപണിയിൽ വിലകുറയില്ലെന്നാണ് ആക്ഷേപം. സർക്കാർ ഇടപെട്ട് അയൽസംസ്ഥാനങ്ങളിൽനിന്ന് കുറഞ്ഞ വിലയ്ക്ക് അരിയടക്കമുള്ളവ ലഭ്യമാക്കണമെന്നാണ് കച്ചവടക്കാരുടെ ആവശ്യം. ഡിസംബറോടെ ആന്ധ്രയിൽനിന്നടക്കം കൂടുതൽ അരിയെത്തുന്നതോടെ വിലകുറയുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.
    ▂ 

Post a Comment

أحدث أقدم