ഇന്ത്യയിൽ ആകെ നാല് ടെലിക്കോം കമ്പനികളാണ് ഉള്ളത്. അതിൽ മൂന്ന് എണ്ണം സ്വകാര്യ കമ്പനികളും ഒരെണ്ണം സർക്കാർ ഉടമസ്ഥതയിലുള്ളതുമാണ്. റിലയൻസ് ജിയോ (Reliance Jio), ഭാരതി എയർടെൽ (Airtel), വൊഡാഫോൺ ഐഡിയ (VI) എന്നിവയാണ് സ്വകാര്യ ടെലിക്കോം കമ്പനികൾ. ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് എന്ന ബിഎസ്എൻഎൽ (BSNL) ആണ് പൊതുമേഖലയിലുള്ള ഏക ടെലിക്കോം കമ്പനി. ഇന്ത്യയുടെ ടെലിക്കോം മേഖലയുടെ ഭൂരിഭാഗവും കൈയാളുന്നത് ഈ സ്വകാര്യ കമ്പനികളാണ്. ഇതിൽ ഏറ്റവുമധികം വരിക്കാരുള്ളത് റിലയൻസ് ജിയോയ്ക്ക് ആണ്. തൊട്ടുപിന്നിൽ എയർടെലും മൂന്നാം സ്ഥാനത്ത് വിഐയും ഇടംപിടിച്ചിരിക്കുന്നു. ഏറ്റവും ഒടുവിലത്തെ സ്ഥാനം മാത്രമാണ് ബിഎസ്എൻഎല്ലിനുള്ളത്.
ടെലിക്കോം വിപണിയുടെ മുക്കാൽ പങ്കിനും മുകളിൽ കൈയാളുന്ന സ്വകാര്യ ടെലിക്കോം കമ്പനികൾ നടത്തുന്ന ചെറിയൊരു നീക്കം പോലും കോടിക്കണക്കിന് ഇന്ത്യക്കാരെ ബാധിക്കും എന്ന് വ്യക്തമാണ്. അങ്ങനെയിരിക്കെ, ഈ മൂന്ന് സ്വകാര്യ ടെലിക്കോം കമ്പനികളും ഇപ്പോൾ ഒരു വമ്പൻ നീക്കം നടപ്പാക്കിയിരിക്കുന്നു- റീച്ചാർജ് നിരക്ക് വർധന. ജിയോയും എയർടെലും വിഐയും തങ്ങളുടെ മൊബൈൽ താരിഫ് നിരക്കുകൾ വർധിപ്പിച്ചുകഴിഞ്ഞു.
മുൻപ് നൽകിയിരുന്നതിനെക്കാൾ 25 ശതമാനം വരെ നിരക്ക് വർധന ഇപ്പോൾ ഈ മൂന്ന് സ്വകാര്യ കമ്പനികളുടെയും പ്രീപെയ്ഡ്- പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ നിലവിൽ വന്നിരിക്കുന്നു. ഇന്ത്യയിലെ സാധാരണക്കാരായ നിരവധി ടെലിക്കോം വരിക്കാർക്ക് ഇത് വൻ തിരിച്ചടിയാണ് നൽകുന്നത്, പ്രത്യേകിച്ച് പ്രതിമാസ പ്ലാനുകൾ ഉപയോഗിക്കുന്നവർക്ക്.
എന്നാൽ സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎൽ ഇതുവരെ നിരക്ക് വർധിപ്പിച്ചിട്ടില്ല. അഥവാ ഇനി നിരക്ക് വർധിപ്പിച്ചാലും സ്വകാര്യ കമ്പനികൾ നൽകുന്നതിനെക്കാൾ കുറഞ്ഞ നിരക്കിൽ ആയിരിക്കും ബിഎസ്എൻഎൽ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുക. ഇപ്പോൾ നടപ്പിലായിരിക്കുന്ന സ്വകാര്യ ടെലിക്കോം കമ്പനികളുടെ നിരക്ക് വർധനയിൽ നിരവധി പേർ അസംതൃപ്തരാണ്. ഇവർക്ക് വേണമെങ്കിൽ നമ്പർ മാറാതെ തന്നെ ബിഎസ്എൻഎല്ലിലേക്ക് പോർട്ട് ചെയ്യാൻ അവസരമുണ്ട്.
കുറഞ്ഞ നിരക്കിൽ ടെലിക്കോം സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിൽ ബിഎസ്എൻഎല്ലിനോളം ലാഭം ലഭിക്കുന്ന ഒരു ടെലിക്കോം കമ്പനി ഇന്ത്യയിൽ വേറെ കണ്ടെത്താൻ കഴിയില്ല. സാധാരണ കോളിങ് ആവശ്യങ്ങളും അത്യാവശ്യം ഡാറ്റ ഉപയോഗവുമുള്ളവർക്ക് ബിഎസ്എൻഎൽ കണക്ഷനുമായി മുന്നോട്ട് പോകാനാകും. പലയിടങ്ങളിലും ബിഎസ്എൻഎല്ലിന് 4ജി ലഭ്യമല്ല. അത് ഒരു പോരായ്മയാണ്. എങ്കിലും നിരവധി പേർ ഇപ്പോഴും ബിഎസ്എൻഎൽ ഉപയോഗിച്ച് കാര്യങ്ങൾ നടത്തുന്നുണ്ട്.
നമ്പർ മാറാതെ ബിഎസ്എൻഎല്ലിലേക്ക് സിം പോർട്ട് ചെയ്യാനുള്ള വഴി: പോർട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന നമ്പറിൽ നിന്ന് യുണീക് പോർട്ടിങ് കോഡ് (UPC) ജനറേറ്റ് ചെയ്യണം. തുടർന്ന് യുപിസി കോഡ് ലഭിക്കാൻ "Port 10-അക്ക മൊബൈൽ നമ്പർ" എന്ന ഫോർമാറ്റിൽ 1900-ലേക്ക് എസ്എംഎസ് അയക്കണം. ഉടൻ യുപിസിയും ആ നമ്പരിന്റെ വാലിഡിറ്റിയും അടങ്ങുന്ന ഒരു മെസേജ് കിട്ടും.
എംഎൻപിക്കായി റിക്വിസ്റ്റ് ചെയ്ത തീയതി മുതൽ 15 ദിവസത്തേക്ക് ഈ കോഡ് വാലിഡ് ആയിരിക്കും. തുടർന്ന് അടുത്തുള്ള ബിഎസ്എൻഎൽ ഉപഭോക്തൃ സേവന കേന്ദ്രത്തിലോ റീട്ടെയിലർ ഔട്ട്ലെറ്റിലോ അംഗീകൃത ഫ്രാഞ്ചൈസിയിലോ പോവുക. എംഎൻപി ആരംഭിക്കുന്നതിന് ഒരു കസ്റ്റമർ അപേക്ഷാ ഫോം (CAF) പൂരിപ്പിക്കണം.
ഐഡന്റിറ്റിയും വിലാസവും തെളിയിക്കുന്ന രേഖകൾ കൈയ്യിൽ കരുതണം. ഡിജിറ്റൽ KYC ചെയ്തുകഴിഞ്ഞാൽ പുതിയ ബിഎസ്എൻഎൽ സിം കാർഡ് ലഭിക്കും. എംഎൻപി റിക്വസ്റ്റ് അംഗീകാരിച്ച ശേഷം പോർട്ടിങ് തീയതിയും സമയവും നിങ്ങളെ അറിയിക്കും. നിലവിലുള്ള നെറ്റ്‌വർക്ക് സേവനം കട്ട് ചെയ്ത് കഴിഞ്ഞാൽ പുതിയ സിം കാർഡ് ഫോണിൽ ഇടുക.
എന്തെങ്കിലും സംശയങ്ങളോ പ്രശ്നങ്ങളോ ഉണ്ടെങ്കിൽ 1800-180-1503 എന്ന ബിഎസ്എൻഎൽ ടോൾ ഫ്രീ നമ്പിൽ വിളിച്ച് സഹായം തേടാം. എംഎൻപിയ്ക്കായി ബിഎസ്എൻഎൽ യാതൊരു വിധത്തിലുള്ള പ്രോസസിങ് ഫീസും ഈടാക്കുന്നില്ല. നിങ്ങളുടെ മൊബൈൽ നമ്പർ പോർട്ടബിലിറ്റി റിക്വസ്റ്റ് ലഭിച്ചു കഴിഞ്ഞാൽ സിം ആക്ടീവ് ആകുന്നതിന് 7 ദിവസത്തിൽ കൂടുതൽ സമയമെടുത്തേക്കും.
إرسال تعليق