തിരുവനന്തപുരം| കുടിശ്ശികത്തുക നല്‍കാമെന്ന് സര്‍ക്കാര്‍ ഉറപ്പുകൊടുത്തതോടെ മോട്ടോര്‍ വാഹന വകുപ്പിനുള്ള സേവനം തുടരാന്‍ സി-ഡിറ്റ് തീരുമാനിച്ചു. കംപ്യൂട്ടര്‍ സാങ്കേതിക സഹായം നല്‍കുന്നതിനായി നിയോഗിച്ചിട്ടുള്ള 200 കരാര്‍ ജീവനക്കാരോട് വെള്ളിയാഴ്ചമുതല്‍ ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചു. പ്രതിഫലത്തില്‍ 10 കോടിരൂപ കുടിശ്ശികവന്നതോടെയാണ് കഴിഞ്ഞ 23 മുതല്‍ സി-ഡിറ്റ് ജീവനക്കാരെ പിന്‍വലിച്ചത്.
മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടാന്‍ ഇടയുണ്ടെന്ന് കണ്ടതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഇടപെട്ടത്. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ചുമതലയേറ്റിട്ടില്ലാത്തതിനാല്‍ ഗതാഗത സെക്രട്ടറി കെ. വാസുകിയാണ് ചര്‍ച്ച നടത്തിയത്. ഇതുസംബന്ധിച്ച് വ്യാഴാഴ്ച അടിയന്തരയോഗം വിളിച്ചിരുന്നു.
ഓഫീസുകളുടെ പ്രവര്‍ത്തനം നിലച്ചാല്‍ അത് സര്‍ക്കാരിനെയും പ്രതികൂലമായി ബാധിക്കുമെന്നുകണ്ടാണ് സി-ഡിറ്റ് വിട്ടുവീഴ്ചയ്ക്ക് തയ്യാറായത്. തുക അനുവദിക്കേണ്ടത് ധനവകുപ്പാണ്. മന്ത്രി കെ.ബി. ഗണേഷ്‌കുമാറും, ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എസ്. ശ്രീജിത്തുമായുള്ള തര്‍ക്കത്തിനിടയില്‍ സി-ഡിറ്റിന്റെ ഫയല്‍ കുരുങ്ങി. ഫയല്‍ കൃത്യമല്ലാത്തതിനാല്‍ മോട്ടോര്‍ വാഹന വകുപ്പിന് അനുവദിക്കേണ്ട തുകയൊന്നും ധനവകുപ്പ് നല്‍കിയില്ല.
ഓഫീസുകളില്‍ കപ്യൂട്ടര്‍ സ്ഥാപിച്ചതിന് 15 വര്‍ഷത്തിലേറെയായി മോട്ടോര്‍ വാഹനവകുപ്പ് പൊതുജനങ്ങളില്‍നിന്നും സര്‍വീസ് ചാര്‍ജ് വാങ്ങുന്നുണ്ട്. തുക നേരേ ട്രഷറിയിലേക്കാണ് പോകുന്നത്. ഇതില്‍നിന്നും ചെലവിനുള്ള തുക എഴുതിവാങ്ങണം. അത് വൈകുന്നതാണ് നിലവിലെ പ്രതിസന്ധി. നികുതിയും, ഫീസും സര്‍വീസ് ചാര്‍ജുമായി ദിവസം 12 കോടിരൂപ മോട്ടോര്‍വാഹനവകുപ്പ് ഖജനാവില്‍ എത്തിക്കുന്നുണ്ട്.
അതേസമയം എ.ഡി.ജി.പി. എസ്. ശ്രീജിത്തിനുപകരം നിയോഗിച്ച ഐ.ജി. എ. അക്ബര്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറായി സ്ഥാനമേറ്റില്ല. കഴിഞ്ഞ 14-നാണ് എ.ഡി.ജി.പി. എസ്. ശ്രീജിത്തിനെ മാറ്റിയത്. കെ.എസ്.ആര്‍.ടി.സി. സി.എം.ഡിയും, അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുമായ പി.എസ്. പ്രമോജ് ശങ്കറിന് ചുമതല കൈമാറുകയുംചെയ്തു.
കെ.എസ്.ആര്‍.ടി.സിയുടെ ചുമതലയുള്ളതിനാല്‍ പ്രമോജ് ശങ്കറിന് മോട്ടോര്‍വാഹനവകുപ്പിന്റെ കാര്യങ്ങളില്‍ ഇടപെടുന്നതിന് പരിമിതിയുണ്ട്. ബുധനാഴ്ചകളില്‍ മന്ത്രി വിളിച്ചിരുന്ന ഓണ്‍ലൈന്‍യോഗവും മുടങ്ങിയതോടെ പല കാര്യങ്ങളിലും വിശദീകരണം നല്‍കാനാകാത്ത അവസ്ഥയിലാണ് ഉന്നത ഉദ്യോഗസ്ഥര്‍.
▂
إرسال تعليق