ദുബായ്: യൂട്യൂബറും വ്‌ലോഗറുമായ കാക്കൂര്‍ പാവണ്ടൂര്‍ സ്വദേശിനി റിഫ മെഹ്നുവിന്റെ (21) മരണം വിശ്വസിക്കാനാവാതെ സുഹൃത്തുക്കള്‍
ഭര്‍ത്താവ് മെഹ്നാസിനൊപ്പം ദുബായ് കരാമയിലായിരുന്നു താമസം. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു.
യൂട്യൂബ്, ടിക് ടോക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹികമാധ്യമങ്ങളിലും വീഡിയോ ആല്‍ബങ്ങളിലും സജീവമായിരുന്നു റിഫ. അരനാട്ടില്‍വീട്ടില്‍ റിഫ ഷെറിന്‍ എന്ന റിഫ ഭര്‍ത്താവിനൊപ്പമാണ് 'റിഫ മെഹ്നൂസ്' എന്നപേരില്‍ വ്‌ളോഗിങ് രംഗത്ത് പ്രവര്‍ത്തിച്ചിരുന്നത്. തിങ്കളാഴ്ച രാത്രിവരെ സാമൂഹികമാധ്യമങ്ങളില്‍ ഇവര്‍ സജീവമായിരുന്നു. ബുര്‍ജ്ഖലീഫയ്ക്ക് മുന്നില്‍നിന്ന് ഭര്‍ത്താവിനൊപ്പമുള്ള വീഡിയോയാണ് അവസാനമായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുചെയ്തിരിക്കുന്നത്.
ഭര്‍ത്താവിനും രണ്ടുവയസ്സുള്ള മകന്‍ ഹസ്സാന്‍ മെഹ്നുവിനുമൊപ്പം മൂന്നുമാസംമുമ്പ് സന്ദര്‍ശക വിസയില്‍ റിഫ വിദേശത്തുപോയിരുന്നു. ജനുവരിയില്‍ മകനോടൊപ്പം നാട്ടിലെത്തി. മകനെ തന്റെ മാതാപിതാക്കള്‍ക്കൊപ്പം നിര്‍ത്തി ജനുവരി 24-നാണ് തിരിച്ചു വിദേശത്തേക്ക് പോയത്. തുടര്‍ന്ന് അവിടെ സ്വകാര്യകമ്പനിയില്‍ ജോലിചെയ്തുവരികയായിരുന്നു.
മൂന്നുവര്‍ഷംമുമ്പ് ഇന്‍സ്റ്റാഗ്രാം വഴിയുള്ള പരിചയത്തെത്തുടര്‍ന്നാണ് കാസര്‍കോട് സ്വദേശിയും യൂട്യൂബറുമായ മെഹ്നാസിനെ വിവാഹം കഴിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് മരിച്ച വിവരം നാട്ടിലറിഞ്ഞത്. കാക്കൂര്‍ പാവണ്ടൂര്‍ മാക്കൂട്ടം പറമ്പില്‍ റാഷിദിന്റെയും ഷെറീനയുടെയും മകളാണ്. റിജുന്‍ സഹോദരനാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതായി ദുബായിലെ സാമൂഹികപ്രവര്‍ത്തകര്‍ അറിയിച്ചു
إرسال تعليق