സംസ്ഥാനത്ത് ഇറച്ചിക്കോഴിക്ക് ദിനം പ്രതി വിലയേറുന്നു. തിങ്കളാഴ്ച ഇറച്ചിക്കോഴി കിലോയ്ക്ക് 145 രൂപ മുതൽ 150 രൂപ വരെയാണ് ചില്ലറ വില്പന നടന്നത്. കോഴി ഇറച്ചി കിലോയ്ക്ക് 235 രൂപ മുതൽ 240 രൂപ വരേയും ചില്ലറ വില്പന നടന്നു. 85 മുതൽ 90 വരെ കിലോയ്ക്ക് വിലയുണ്ടായിരുന്ന ഇറച്ചിക്കോഴിക്ക് രണ്ടാഴ്ചയ്ക്ക് ഉള്ളിലാണ് വലിയ വിലവർധന ഉണ്ടായത്. മൂന്ന് ദിവസം മുൻപ് ഇറച്ചിക്കോഴിയുടെ വില കിലോക്ക് 110 മുതൽ 115 വരേയായിരുന്നു. പിന്നീട് ഓരോ ദിവസവും എട്ടു മുതൽ 10 രൂപ വരെയാണ് വിലക്കയറ്റം. വരുംദിവസങ്ങളിൽ വില ഇനിയും വർധിക്കാനാണു സാധ്യതയെന്ന് കച്ചവടക്കാർ പറഞ്ഞു. നാട്ടിലെ കോഴി ഫാമുകളിൽ നിന്നും വില്പനയ്ക്ക് കോഴി കാര്യമായി ലഭിക്കാത്തതാണ് വിലവർധനയ്ക്ക് കാരണമെന്നാണ് കച്ചവടക്കാർ പറയുന്നത്. തമിഴ്നാട്ടിലെ കോഴി ഫാമുകളിൽ നിന്നുള്ള കോഴികളാണ് ഇപ്പോൾ പ്രധാനമായും മാർക്കറ്റിൽ എത്തുന്നത്. കോഴി തീറ്റയുടെ വില ഗണ്യമായി വർധിച്ചതോടെ നാട്ടിലെ കോഴിഫാം ഉടമകൾ മിക്കവരും താത്കാലികമായി കോഴിവളർത്തൽ നിർത്തി വെച്ചിരിക്കുകയാണ്.
തമിഴ്നാട്ടിലെ കോഴി ഫാമുകളിൽ നിന്ന് കോഴി ലഭിക്കണമെങ്കിൽ മൊത്ത കച്ചവടക്കാരൻ ഇപ്പോൾ മുഴുവൻ പണവും ഫാം ഉടമയ്ക്ക് ആദ്യം നൽകണം. ഏറ്റവും കൂടുതൽ വില നിശ്ചയിക്കുന്നവർക്കും ആ പണം അപ്പോൾ തന്നെ നൽകുന്നവർക്കുമാണ് കോഴിഫാം ഉടമകൾ കോഴികളെ ഇപ്പോൾ നൽകുന്നത്. അതു കൊണ്ടു തന്നെ മൊത്തക്കച്ചവടക്കാർ തീരുമാനിക്കുന്ന വിലയാണ് ഇറച്ചിക്കോഴിക്ക് മാർക്കറ്റിൽ ഉണ്ടാകുന്നത്.
إرسال تعليق