ദില്ലി | സി.ബി.എസ്.ഇ. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ രണ്ടാം ടേം പരീക്ഷയ്ക്ക് ഒരു ഹാളിൽ പതിനെട്ട് കുട്ടികളെ മാത്രമേ പരീക്ഷയെഴുതാൻ അനുവദിക്കുകയുള്ളൂവെന്ന് ബോർഡിന്റെ നിർദേശം. വെള്ളക്കുപ്പികളോ മറ്റ് ഉപകരണങ്ങളോ പരീക്ഷാഹാളിനുള്ളിൽ കൈമാറ്റം ചെയ്യരുതെന്നും മാർഗനിർദേശത്തിൽ പറയുന്നു.
ചൊവ്വാഴ്ച ആരംഭിക്കുന്ന പരീക്ഷയുടെ മാർഗനിർദേശങ്ങളിലാണ് സി.ബി.എസ്.ഇ. ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഹാൾടിക്കറ്റും ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും ആവശ്യമായ തയ്യാറെടുപ്പുകൾ നടത്താനും സ്കൂൾ അധികൃതർക്ക് നിർദേശം നൽകി.
24 വിദ്യാർഥികളാണ് നേരത്തേ ഒരു ഹാളിൽ പരീക്ഷയെഴുതിയിരുന്നത്. ഓരോ ഹാളിലും നാല് ഇൻവിജിലേറ്റർമാരെവീതം നിയമിക്കും.
ഹാൾടിക്കറ്റ്, പേന, വെള്ളക്കുപ്പി എന്നിവമാത്രമേ ഹാളിൽ അനുവദിക്കുകയുള്ളൂ.പ്രൈവറ്റായി പരീക്ഷ എഴുതുന്ന വിദ്യാർഥികൾ ഫോട്ടോപതിച്ച സർക്കാർ തിരിച്ചറിയൽ കാർഡ് നിർബന്ധമായും കൊണ്ടുവരണം. റെഗുലർ സ്കൂളുകളിലെ വിദ്യാർഥികൾ സ്കൂൾ യൂണിഫോമിലാണ് പരീക്ഷയ്ക്കെത്തേണ്ടത്. സ്വകാര്യകേന്ദ്രങ്ങളിലെ വിദ്യാർഥികൾ ഇളംനിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കണം. ഇവർ ജാക്കറ്റ് ധരിക്കരുതെന്നും നിർദേശമുണ്ട്.
രാജ്യത്ത് കോവിഡ് റിപ്പോർട്ട് ചെയ്തതിനുശേഷം കഴിഞ്ഞ രണ്ടുവർഷവും പരീക്ഷാനടപടിക്രമങ്ങളിൽ സി.ബി.എസ്.ഇ. അധികൃതർ മാറ്റംവരുത്തിയിരുന്നു. നിയന്ത്രണങ്ങളിൽ ഇളവുവരുത്തിയ പശ്ചാത്തലത്തിൽ 2021-2022 അധ്യയനവർഷംമുതൽ സി.ബി.എസ്.ഇ., സി.ഐ. എസ്.സി.ഇ. എന്നീ ബോർഡുകളിലെ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകൾ രണ്ട് ടേമുകളിലായാണ് നടത്തിയത്.
ഈ പരീക്ഷകൾ ഓൺലൈനായാണ് നടത്തിയത്. ഒരിടവേളയ്ക്കുശേഷമാണ് വിദ്യാർഥികൾ പരീക്ഷാകേന്ദ്രങ്ങളിൽ നേരിട്ടെത്തി പരീക്ഷയെഴുതുന്നത്. ആദ്യ ടേം പരീക്ഷ കഴിഞ്ഞ നവംബർ-ഡിസംബർ മാസങ്ങളിലാണ് നടത്തിയത്. അടുത്ത അധ്യയനവർഷംമുതൽ വീണ്ടും ഒറ്റത്തവണയായി പരീക്ഷകൾ നടത്താൻ ബോർഡ് തീരുമാനിച്ചിട്ടുണ്ട്.
إرسال تعليق