കോഴിക്കോടിന്റെ മുഖച്ഛായ മാറ്റും -മന്ത്രി റിയാസ്

കോഴിക്കോട്* | വികസന പദ്ധതികൾ ഒന്നൊന്നായി നടപ്പാവുമ്പോൾ കോഴിക്കോടിന്റെ മുഖച്ഛായ മാറുമെന്നും ഡൽഹി ന്യൂഡൽഹിയായതുപോലെ ന്യൂകാലിക്കറ്റ് രൂപപ്പെടുമെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ്. രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികം പ്രമാണിച്ച് ബീച്ച് ഫ്രീഡം സ്ക്വയറിൽ നടത്തിയ സെമിനാർ ‘നാളെയുടെ കോഴിക്കോട്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോഴിക്കോട് വിമാനത്താവളവും ബേപ്പൂർ തുറമുഖവും വികസിപ്പിക്കാൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്. രാമനാട്ടുകര-എയർപോർട്ട് റോഡ് യാഥാർഥ്യമാവുന്നതോടെ ഗതാഗത സൗകര്യം വർധിക്കും. 2025-ഓടെ കാസർകോട്‌ - തിരുവനന്തപുരം ആറുവരിപ്പാത നിലവിൽ വരും. മലയോരപാതയും തീരദേശറോഡും ജില്ലയുടെ വികസനത്തിന് സഹായകമാവും.

തെരുവിൽ അലയുന്നവരെ പുനരധിവസിപ്പിക്കാൻ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തും. കനോലി കനാൽ നവീകരണത്തിന് 1118 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. നഗരത്തിൽ പാർക്കിങ്‌ പ്ലാസയ്ക്ക് രൂപം കൊടുക്കുമെന്നും മന്ത്രി പറഞ്ഞു.

കാനത്തിൽ ജമീല എം.എൽ.എ. അധ്യക്ഷയായി. ലിന്റോ ജോസഫ് എം.എൽ.എ., ജില്ലാ പഞ്ചായത്ത് അംഗം പി. ഗവാസ്, ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, കക്കോടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഷീബ, ജില്ലാ യൂത്ത് കോ-ഓർഡിനേറ്റർ ടി.കെ. സുമേഷ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. ദീപ, ഡോ. എം.കെ. അബ്ദുൾ ഹക്കീം തുടങ്ങിയവർ സംസാരിച്ചു.

നേരത്തേ വീരപഴശ്ശിരാജ ഫൗണ്ടേഷൻ സുമ പള്ളിപ്പുറത്തിന്റെ ‘എന്റെ സ്വകാര്യദുഃഖം’ എന്ന ബാലസാഹിത്യകൃതിയെ ആസ്പദമാക്കി വില്ലടിച്ചാൻപാട്ട് നടത്തി. ‌കണ്ണൂർ ഷെരീഫും സംഘവും അവതരിപ്പിച്ച ഇശൽ നിലാവുമുണ്ടായിരുന്നു.

Post a Comment

أحدث أقدم