ബസ് യാത്രക്കാരന്റെ മരണം ഓട്ടോമാറ്റിക് ഡോര്‍ അടയ്ക്കാത്തതിനാല്‍, വളവിലും അമിതവേഗം, നടപടിയെടുത്ത് എംവിഡി


കോഴിക്കോട്ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് പുറത്തേക്ക് തെറിച്ചു വീണ് വൈദ്യുതത്തൂണില്‍ തലയിടിച്ച് യാത്രക്കാരന് ദാരുണാന്ത്യം സംഭവിച്ചത് സിറ്റി സര്‍വീസ് ബസിന്റെ പിന്‍വശത്തെ ഓട്ടോമാറ്റിക് വാതില്‍ അടയ്ക്കാതെ അതിവേഗത്തില്‍ ബസ് സഞ്ചരിച്ചതാണെന്ന് പോലീസ് പറഞ്ഞു.

പ്ലാസ്റ്റിക് വള്ളികള്‍ കൊണ്ട് കസേരമെടയുന്ന തൊഴിലാളിയായ മാങ്കാവ് പാറക്കുളം ക്ഷേത്രത്തിനുസമീപം പാറപ്പുറത്ത് പറമ്പില്‍ ശുഭശ്രീ വീട്ടില്‍ പി. ഗോവിന്ദന്‍ (59) ആണ് തലതകര്‍ന്ന് റോഡില്‍ രക്തം വാര്‍ന്നൊഴുകി മരിച്ചത്. ചാലപ്പുറം ഭജനകോവില്‍ ബസ്സ്റ്റോപ്പിന് സമീപത്തെ വളവില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം.

മാനാഞ്ചിറയില്‍ നിന്ന് പെരുമണ്ണയിലേക്കുള്ള സ്വകാര്യബസില്‍ നിന്നാണ് ഗോവിന്ദന്‍ പുറത്തേക്ക് വീണത്. ഫ്രാന്‍സിസ് റോഡ് ബസ്സ്റ്റോപ്പില്‍ നിന്ന് കയറിയ ഗോവിന്ദന്‍ സീറ്റ് ഒഴിവില്ലാത്തതിനാല്‍ കമ്പി പിടിച്ചു നിന്ന് ടിക്കറ്റിനുള്ള പണം പോക്കറ്റില്‍ നിന്ന് എടുക്കുകയായിരുന്നു. ഇതിനിടെ ബസ് വേഗത്തില്‍ വളവു തിരിഞ്ഞപ്പോള്‍ ഇദ്ദേഹം പുറത്തേക്ക് തെറിച്ചു വീണു. ഡ്രൈവര്‍ സ്വിച്ചിട്ടാല്‍ മാത്രം അടയുന്ന ഓട്ടോമാറ്റിക് വാതില്‍ അടച്ചിരുന്നെങ്കില്‍ പുറത്തേക്ക് വീഴില്ലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടം നടന്നയുടനെ ബസ് ജീവനക്കാര്‍ തന്നെയാണ് മറ്റൊരു വാഹനത്തില്‍ ഇദ്ദേഹത്തെ ബീച്ച് ഗവ. ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. അവിടെയെത്തുമ്പോഴേക്കും മരിച്ചിരുന്നതായി ഡോക്ടര്‍ അറിയിച്ചു.

സംഭവത്തില്‍ പോലീസും മോട്ടോര്‍ വാഹന വകുപ്പും നടപടിയെടുത്തു. മരണത്തിനിടയാക്കുന്ന രീതിയില്‍ അശ്രദ്ധമായി വാഹനമോടിച്ചതിനും വേഗത്തിലും പരുഷമായും വാഹനം അശ്രദ്ധമായി ഓടിച്ചതിനും കസബ പോലീസ് ബസ് ഡ്രൈവര്‍ക്കെതിരേ കേസെടുത്തു. ഡ്രൈവറുടെ ൈഡ്രവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് എന്‍ഫോഴ്‌സ്മെന്റ് ആര്‍.ടി.ഒ. അറിയിച്ചു.

ഗോവിന്ദന്‍ അപകടത്തില്‍പ്പെടുന്നത് കസേരകള്‍ മെടയാനുള്ള വള്ളികള്‍ നഗരത്തില്‍നിന്ന് വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ്. വീട്ടില്‍ നിന്നാണ് ഇദ്ദേഹം നഗരത്തിന്റെ പല ഭാഗത്തു നിന്ന് എത്തുന്നവര്‍ക്കായുള്ള കസേരകള്‍ നിര്‍മിച്ചുനല്‍കാറ്. നേരത്തേ വളയനാട് ക്ഷേത്രത്തിന് സമീപത്തെ വീട്ടിലായിരുന്നു താമസം. നാലു വര്‍ഷമായി മാങ്കാവിലേക്ക് താമസം മാറിയിട്ട്. പരേതരായ അച്യുതന്‍ അമ്പലവാസിയുടെയും നാരായണി അമ്മയുടെയും മകനാണ്. ഭാര്യ ഇന്ദിര കണ്ണൂര്‍ പഴയങ്ങാടി മാടായിക്കാവ് സ്വദേശിനിയാണ്.

മക്കള്‍: സുചിത്ര (അധ്യാപിക, കണ്ണൂര്‍ പഴയങ്ങാടി സ്‌കൂള്‍), ഗോപിക (ബെംഗളൂരു). മരുമക്കള്‍: അനില്‍കുമാര്‍ (ഇലക്ട്രിക്കല്‍ വര്‍ക്ക്), ദീപക് (റബ്‌കോ, കണ്ണൂര്‍). സഹോദരങ്ങള്‍: ശ്രീദേവി, രുഗ്മിണി, കൃഷ്ണന്‍കുട്ടി, നാരായണന്‍ (കോംട്രസ്റ്റ് പുതിയറ ഓട്ടുകമ്പനി), സുധാദേവി (കൂത്തുപറമ്പ്). ശവസംസ്‌കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് മാങ്കാവ് ശ്മശാനത്തില്‍.


Post a Comment

أحدث أقدم